തിരുവനന്തപുരം: തമിഴ്നാട്ടിൽ വൻ നാശം വിതച്ച 'ഗജ" ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അറബിക്കടലിൽ എത്തിയെങ്കിലും വീണ്ടും ന്യൂനമർദ്ദമായി ചുഴലിക്കാറ്റായി പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നലെ വൈകിട്ട് കൊച്ചി തീരത്തുനിന്ന് 400 കിലോമീറ്റർ അകലെയായിരുന്നു ന്യൂനമർദ്ദം. ഇത് ചുഴലിക്കാറ്റായി തീരത്തേക്ക് വരാതെ പടിഞ്ഞാറൻ ദിശയിലേക്ക് പോയേക്കാം. എങ്കിലും ഇതിന്റെ ഫലമായി കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 60 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിലും നാളെ മുതൽ 19 വരെ 50 കിലോമീറ്റർ വരെ വേഗത്തിലും വൻ കാറ്റായി കടലിലും തീരത്തും ആഞ്ഞടിക്കും. ഇത് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ 20 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രത്യേകിച്ചും അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലേക്ക് പോകരുത്.
കാറ്റിന്റെ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും ഫിഷറീസ് വകുപ്പ് ഈ വിവരം തുടർച്ചയായി എല്ലാ മത്സ്യ ബന്ധന ഗ്രാമങ്ങളിലും, ഹാർബറുകളിലും, പോർട്ടുകളിലും, തീരദേശത്തെ ആരാധനാലയങ്ങളിലും വിളിച്ചറിയിക്കണമെന്നും മരങ്ങൾ, വൈദ്യുത തൂണുകൾ, ടവറുകൾ എന്നിവിടങ്ങളിൽ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങൾ നിറുത്തിയിടുകയോ ചെയ്യരുതെന്നും അറിയിപ്പുണ്ട്.