കഴക്കൂട്ടം: നൂറ്കണക്കിന് രോഗികൾ ആശ്രയിക്കുന്ന പുത്തൻതോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ആവശ്യത്തിന് ഡോക്ടറും ജീവനക്കാരും ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ആശുപത്രിയിൽ ഉച്ചകഴിഞ്ഞെത്തുന്ന രോഗികളെ പരിശോധിക്കാൻ ഡോക്ടറില്ലാത്ത അവസ്ഥയാണ്. രണ്ട് ഷിഫ്റ്റുകളിലായി 4 ഡോക്ടർമാർ ഉണ്ടായിരുന്നിടത്ത് നിലവിൽ രണ്ട് പേർ മാത്രമാണുള്ളത്. വൈകുന്നേരങ്ങളിലെത്തുന്ന രോഗികളെ നോക്കാൻ ഡോക്ടറില്ലാതെ വരുമ്പോൾ ഫാർമസിസ്റ്റ് അത്യാവശ്യം വേണ്ട മരുന്ന് നൽകി വിടുന്ന രീതിയുണ്ടെന്ന് ആരോപണമുണ്ട്. വിവിധ സ്പെഷ്യാലിറ്റികൾ ആഴ്ചയിൽ ഒന്നും രണ്ടും ദിവസങ്ങളിൽ പ്രവർത്തിക്കേണ്ട ആശുപത്രിയിൽ നാളുകളായി ഇതൊന്നുമില്ലാത്ത അവസ്ഥയാണ്. അടുത്തകാലം വരെയും ദിവസവും നിരവധി രോഗികളെ കിടത്തി ചികിത്സിച്ചിരുന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലം ഇത് പൂർണമായി നിർത്തലാക്കിയിരിക്കുന്നതായി പരാതിയുണ്ട്. ലാബിലും ഫാർമസിയിലും ആവശ്യത്തിന് ജീവനക്കാരില്ല 2.26 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്‌ളോക്കിന്റെ ഉദ്ഘാടനവും ഇതുവരെ നടന്നില്ല. മാസങ്ങളായി രാത്രികാല ചികിത്സയും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആശുപത്രി പ്രവർത്തനം സുഗമമാക്കണമെന്നും ഡോക്ടർമാരുടെ കുറവ് ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ മാർച്ചും ധർണയും നടത്തിയിരുന്നെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല.