തിരുവനന്തപുരം: സന്നിധാനത്തെ സുരക്ഷയുടെ പേരിൽ ഭക്തരുടെ അന്നം മുട്ടാനും പ്രസാദ വിതരണം തടസപ്പെടാനും ഇടവരുത്തുന്ന പൊലീസ് ശുപാർശ സർക്കാർ തടഞ്ഞു. സന്നിധാനത്തെ 24 മണിക്കൂർ അന്നദാനം രാത്രി 11 വരെയാക്കി ചുരുക്കണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടത്. ഭക്ഷണം കഴിക്കാനെന്ന പേരിൽ ഭക്തർ തങ്ങുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് അറിയിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. പാചകം ചെയ്യുന്ന ഭക്ഷണം തീരുംവരെ അന്നദാനം നടത്തുമെന്ന് ദേവസ്വം ബോർഡും നിലപാടെടുത്തു. ന്നിധാനത്തെ കടകൾ നേരത്തേ അടയ്ക്കണമെന്ന നിർദ്ദേശവും തള്ളി. പ്രസാദവിതരണ കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനും തീരുമാനിച്ചു.
അതേസമയം, നിലയ്ക്കലിലും പമ്പയിലും പ്രസാദ വിതരണ കൗണ്ടറുകൾ തുറക്കണമെന്ന ശുപാർശ ബോർഡ് പരിഗണിക്കും. ധനലക്ഷ്‌മി ബാങ്ക്, നെടുമ്പാശേരി വിമാനത്താവളം, റെയിൽവേ എന്നിവ വഴി രസീതെടുത്താലും ഈ കൗണ്ടറുകളിൽ പ്രസാദം നൽകും.
ഉച്ചയ്ക്ക് പന്ത്രണ്ടരവരെയുള്ള നെയ്യഭിഷേകം ദിവസം മുഴുവനുമോ ഉച്ചയ്ക്ക് രണ്ടരവരെയെങ്കിലുമോ നീട്ടണമെന്ന ആവശ്യം തന്ത്രികുടുംബത്തിന്റെ അഭിപ്രായം തേടിയശേഷമാണ് തള്ളിയത്. ആചാരവിധി പ്രകാരം നെയ്യഭിഷേകത്തിന്റെ സമയം നീട്ടാനാവില്ലെന്ന് അവർ നിലപാടെടുത്തു. പന്ത്രണ്ടരയ്ക്ക് നെയ്യഭിഷേകം കഴിഞ്ഞാൽ പിറ്റേന്ന് പുലർച്ചയേ പുനരാരംഭിക്കൂ. അഭിഷേകത്തിന് രസീതെടുത്തവർക്ക് നടപ്പന്തലിൽ വിരിവയ്ക്കാം. അല്ലെങ്കിൽ നിലയ്ക്കലിലേക്കോ പമ്പയിലേക്കോ മടങ്ങി പിറ്റേന്ന് പുലർച്ചെ എത്താം. പുലർച്ചെ ഒന്നു മുതൽ സന്നിധാനത്തേക്ക് കടത്തിവിടും.
അതേസമയം, സന്നിധാനത്ത് വിരിവയ്ക്കാൻ അനുവദിക്കാനാവില്ലെന്ന് ഡി.ജി.പി കർശന നിലപാടെടുത്തു. സന്നിധാനത്ത് തങ്ങുന്നവർ ബോധപൂർവം കുഴപ്പമുണ്ടാക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെന്ന് വിശദീകരിച്ചതോടെ ഈ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഗസ്റ്റ്ഹൗസുകളിലെ 420 മുറികളിൽ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് പരമാവധി ഒരുദിവസം സന്നിധാനത്ത് തങ്ങാം. താമസിക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
ക്രമസമാധാനം മുഖ്യമന്ത്രി വിലയിരുത്തി
ക്രമസമാധാനനില വിലയിരുത്താൻ മുഖ്യമന്ത്രി പിണറായിവിജയൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ ഇന്നലെ വിളിച്ചുവരുത്തി. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ മണ്ഡലകാലത്തുടനീളം ഇതേരീതിയിലുള്ള സുരക്ഷാ സംവിധാനം തുടരേണ്ടിവരുമെന്നും കരുതൽതടങ്കൽ വേണ്ടിവരുമെന്നും ഡി.ജി.പി അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് സുരക്ഷാഭീഷണി
കെ.പി.ശശികലയെ കരുതൽ തടങ്കലിലാക്കിയതിനു പിന്നാലെ, മുതിർന്ന പൊലീസുദ്യോഗസ്ഥർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നള്ള ചിലരുടെ വസതികൾക്ക് പൊലീസ് കാവലേർപ്പെടുത്തി.