തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈക്കൊണ്ട നിലപാടിന് പൂർണ പിന്തുണ നൽകാൻ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ശബരിമലയുടെ പേരിൽ സവർണ ഹൈന്ദവ ഏകീകരണത്തിന് സംഘപരിവാർ ശ്രമിക്കുകയാണെന്നും വിശ്വാസി - അവിശ്വാസി തർക്കമായി പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും യോഗം വിലയിരുത്തി. ജനങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കാൻ പാർട്ടി ലോക്കൽകമ്മിറ്റി അടിസ്ഥാനത്തിൽ ഡിസംബർ ഒന്ന് മുതൽ 20 വരെ കുടുംബയോഗങ്ങൾ നടത്തും.നവോത്ഥാനമൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള പ്രചാരണങ്ങളും സജീവമാക്കും.
ശബരിമല കേസിൽ സുപ്രീംകോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളോട് വിശദീകരിക്കും. ലിംഗസമത്വവും തുല്യനീതിയും ഉറപ്പാക്കുകയെന്ന പുരോഗമന നിലപാടിനൊപ്പം വർഷങ്ങളായി തുടരുന്ന ആചാരപരങ്ങളിൽ പണ്ഡിതരുടെ കമ്മിഷനെ വച്ച് ഉപദേശം തേടി നടപടിയെടുക്കാമെന്നും സർക്കാർ നിർദ്ദേശിച്ചതാണ്. സുപ്രീംകോടതി എന്ത് വിധിച്ചാലും നടപ്പാക്കുമെന്നും വ്യക്തമാക്കി. ഈ സ്ഥിതിക്ക് വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് വഴികളില്ല. സുപ്രീംകോടതി ഒടുവിൽ പറഞ്ഞതും വിധി സ്റ്റേ ചെയ്യുന്നില്ലെന്നാണ്. ഇടത്, പുരോഗമന ശക്തികളുടെ നിലപാടാണ് മുഖ്യമന്ത്രി ഉയർത്തിപ്പിടിച്ചത്. റിവ്യൂഹർജികളിൽ സുപ്രീംകോടതി തീരുമാനം എത്തും മുമ്പ് മന്ത്രി എ.കെ. ബാലൻ നടത്തിയ പ്രതികരണവും സർവ്വകക്ഷിയോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യം പറഞ്ഞത് കോടിയേരിയടക്കം നിഷേധിച്ചതും ദേവസ്വം ബോർഡ് പ്രസിഡന്റ് പലപ്പോഴായി നടത്തിയ പ്രതികരണങ്ങളും ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനം യോഗത്തിലുണ്ടായി. കൂടിയാലോചനകൾ തുടക്കത്തിലേ ആവാമായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്നെങ്കിലും ഇനി അതെല്ലാം അപ്രസക്തമാണെന്ന് യോഗംവിലയിരുത്തി.
ഹൈന്ദവ ധ്രുവീകരണ നീക്കം സംഘപരിവാർ ശക്തമാക്കുമ്പോൾ കോൺഗ്രസിന് ക്ഷീണമാകും. ലക്ഷ്യം സവർണ ഹൈന്ദവ ഏകീകരണമായതിനാൽ ദളിത്, ആദിവാസി, മതന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയുണ്ട്. ശ്രദ്ധ മുഴുവൻ ശബരിമലയിൽ ആകുമ്പോൾ പ്രളയാനന്തര പുനർനിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ വീഴ്ചയുണ്ടാവരുതെന്ന അഭിപ്രായവുമുണ്ടായി. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അത്തരം വിഷയങ്ങളാകും സജീവമാവുക.