തിരുവനന്തപുരം:വലിയതുറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. വെട്ടുകാട് കൊച്ചുവേളി എസ്.എൽ കോട്ടേജിൽ രഞ്ജിത്താണ് (30) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ഡൊണാൾഡ്, മറ്റൊരു ബൈക്കിലെ യാത്രക്കാരായ പള്ളിത്തുറ സ്വദേശികളായ ദിലീപ് (26), ഗോഡ്‌ഫ്രൈ (28) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. വീട്ടിൽ നിന്നു കൂട്ടുകാരൻ ഡൊണാൾഡുമായി ഭക്ഷണം കഴിക്കാൻ ടൈറ്റാനിയം ഭാഗത്തേക്ക് പോകവേ രഞ്ജിത്ത് സഞ്ചരിച്ച വാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ രഞ്ജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
ഡൊണാൾഡിന്റെ മുഖത്തും കൈയ്ക്കും പരിക്കേറ്റു. ഇടിയുടെ ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്ത് ഇന്നലെ രാവിലെ 10.30ന് മരിച്ചു. അപകടത്തിൽ രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും മുഖത്ത് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഡൊണാൾഡിനെ ഇന്നലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എതിർദിശയിലെത്തിയ ബൈക്ക് യാത്രക്കാരായ ദിലീപ്, ഗോഡ്‌ഫ്രൈ എന്നിവരെ മെഡിക്കൽകോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗീതു സ്റ്റാൻലിയാണ് രഞ്ജിത്തിന്റെ ഭാര്യ.