waiting

തിരുവനന്തപുരം: പുലർച്ചെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ തലസ്ഥാനത്തെ ജനജീവിതം ദുരിതത്തിലാക്കി. ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് എത്തിയ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധിപേർ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ശബരിമല കർമ്മസമിതി ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ട്രെയിനിൽ തലസ്ഥാനത്ത് എത്തിയവരെ പൊലീസ് വാഹനങ്ങളിലാണ് കൊണ്ടുപോയത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വാഹനങ്ങൾ എത്തിക്കാൻ പൊലീസിനും സാധിച്ചില്ല. രാവിലെ ഏറെ നേരം കാത്തിരുന്ന ശേഷമാണ് രോഗികളടക്കമുള്ളവർക്ക് ആശുപത്രിയിലെത്താൻ കഴിഞ്ഞത്.

വാഹനങ്ങൾ തടഞ്ഞു, സംഘർഷം
കരകുളത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് സംഘർഷ സാദ്ധ്യതയുണ്ടാക്കി. കരകുളം, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കുമുള്ള വാഹനങ്ങൾ തടഞ്ഞതോടെ ചിലയിടങ്ങളിൽ യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസെത്തിയാണ് യാത്രക്കാരെ കടത്തിവിട്ടത്. പ്രധാന ജംഗ്ഷനുകളിലെല്ലാം പ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു.

കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല

കഴിഞ്ഞ ദിവസം രാത്രി ബസിന് നേരെ കല്ലേറുണ്ടായി. കിഴക്കേകോട്ടയിൽ നിന്നു പോയ സ്‌റ്റേ ബസിന്റെ ചില്ലുകളാണ് കല്ലേറിൽ തകർന്നത്. രാത്രി 11.45 ന് ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. അതിനാൽ കെ.എസ്.ആർ.ടി.സി ജില്ലയിൽ സർവീസ് നടത്തിയില്ല. പൊലീസ് സഹായം നൽകുകയാണെങ്കിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്താമെന്നായിരുന്നു ആദ്യം തിരുമാനം. എന്നാൽ ദീർഘദൂര സർവീസുകൾക്ക് എസ്‌കോർട്ട് നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ ചെറിയ സർവീസുകളും നടത്തേണ്ട എന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ പമ്പയിലേക്കുള്ള സർവീസുകൾ നടത്തി. രാവിലെ സർവീസ് തുടങ്ങിയ സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയും സമരാനുകൂലികൾ തടഞ്ഞു. ഹർത്താൽ അറിയാതെ തുറന്ന ഹോട്ടലുകളടക്കമുള്ളവ പ്രതിഷേധക്കാർ അടപ്പിച്ചു. പലരും ആഹാരസാധനങ്ങൾ വൻ തോതിൽ പാചകം ചെയ്തു കഴിഞ്ഞിരുന്നു. പൊതു പരിപാടികൾക്കായി കാറ്ററിംഗ് സർവീസുകൾക്കും ഭക്ഷണം തയ്യാറാക്കാനുള്ള ഓർഡറുകൾ ലഭിച്ചിരുന്നു. ഹർത്താൽ മൂലം പരിപാടികൾ റദ്ദാക്കിയതോടെ ധാരാളം ഭക്ഷണം ബാക്കിയായി. പലരും അനാഥാലയങ്ങളിലും മറ്റും എത്തിച്ച് നൽകുകയായിരുന്നു. ഓഫീസുകളും ബാങ്കുകളും പെട്രോൾ പമ്പുകളുമെല്ലാം സമരാനുകൂലികൾ അടപ്പിച്ചു. നഗരത്തിൽ സിവിൽ സപ്ലൈസിന്റെ പെട്രോൾ പമ്പുകൾ തുറന്നു. ഇവയ്ക്ക് മുന്നിൽ വൻ നിരയായിരുന്നു. ചാല അടക്കമുള്ള കമ്പോളങ്ങളെല്ലാം അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങളും കുറച്ച് ആട്ടോ, ടാക്സി എന്നിവ സർവീസ് നടത്തി.

ശാസ്ത്രമേളയിലെ ഭക്ഷണം യാത്രക്കാർക്ക്
തിരുവനന്തപുരം : ഹർത്താൽ പ്രഖ്യാപിച്ചത് അറിയാതെ ജില്ല ശാസ്ത്രമേളയ്ക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം ട്രെയിൻ യാത്രികർക്കും മെഡിക്കൽ കോളേജിലെ രോഗികൾക്കും നൽകി. തൈക്കാട് സ്‌കൂളിൽ നടന്ന മേളയിൽ പങ്കെടുക്കുന്ന 3500 ഓളം പേർക്കുള്ള ഉച്ചഭക്ഷണം രാവിലെ മുതൽ തന്നെ തയ്യാറാക്കി തുടങ്ങിയിരുന്നു. അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപനം വന്നതോടെ മേള മാറ്റിവച്ചു. ഇതോടെ ഭക്ഷണം എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. തുടർന്ന് പകുതിയോളം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം വിതരണം ചെയ്തു. രണ്ട് അനാഥാലയങ്ങളിലേക്കും ഭക്ഷണം എത്തിച്ചു. ബാക്കി 1200 ഓളം പേർക്കുള്ള ഭക്ഷണം തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് യാത്രക്കാർക്കു വിതരണം ചെയ്തു. സ്റ്റേഷന് മുന്നിൽ ഭക്ഷണ വിതരണം നടത്തിയതിൽ എതിർപ്പുമായി റെയിൽവേ അധികൃതർ എത്തിയതിനാൽ വിതരണം റോഡ് അരികിലേക്ക് മാറ്റി. സ്‌റ്റേഷനിൽ കാന്റീൻ നടത്തുന്നവരുടെ നിർബന്ധപ്രകാരമാണ് സ്റ്റേഷനുമുന്നിലെ സൗജന്യ ഭക്ഷണവിതരണം തടഞ്ഞതെന്നാണ് ആരോപണം.