sabarimala-booking

തിരുവനന്തപുരം: ശബരിമല ദർശനത്തിനു ഇരുമുടിക്കെട്ടുമായി വരുന്നവരെ തടയരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറയോട് ദേവസ്വംബോർഡ് ആവശ്യപ്പെട്ടു. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസാണ് ഈ ആവശ്യമുന്നയിച്ചത്. ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്റണങ്ങളിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. ബോർഡ് പ്രസിഡന്റ് എ.പത്‌മകുമാർ ഇന്ന് തലസ്ഥാനത്തെത്തി ഡി.ജി.പിയുമായി ചർച്ച നടത്തും. നടപ്പന്തലിൽ വിരിവയ്ക്കുന്നവരെ തടയുന്നത് നിറുത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുമുടിയേന്തി വന്ന പത്തിലേറെ പേരെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞ് മടക്കി അയച്ചിരുന്നു. സുരക്ഷാപ്രശ്‌നം കാരണമാണ് ഇവരെ മടക്കിയതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം.