തിരുവനന്തപുരം:കണ്ടക്ടർമാരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സിയുടെ നിലയ്‌ക്കൽ - പമ്പ ചെയിൻ സർവീസ് ബസുകൾ ഓടിത്തുടങ്ങി. ടിക്കറ്റ് ഓൺലൈനായോ സ്റ്റാൻഡിൽ നിന്നോ എടുത്ത് യാത്ര ചെയ്യാം.നിലയ്‌ക്കലിലെ 15 കിയോസ്‌കുകളിൽ നിന്ന് സ്വന്തമായും ടിക്കറ്റെടുക്കാം. വാലറ്റ്, ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് വഴിയും ഇടപാടു നടത്താം.
ഒരു ദിവസത്തെ നാല് മണിക്കൂർ വീതമുള്ള ആറ് ബ്ലോക്കായാണ് റിസർവേഷൻ സൈറ്റിൽ ക്രമീകരിച്ചിരിക്കുന്നത്. ക്യൂ.ആർ കോഡുള്ള ടിക്കറ്റിന്റെ സമയപരിധി 48 മണിക്കൂറാണ്. അതു കഴിഞ്ഞാൽ അസാധുവാകും. തുർന്നുള്ള യാത്രയ്ക്ക് പമ്പയിൽ നിന്ന് പുതിയ ടിക്കറ്റെടുക്കണം. മേൽനോട്ടത്തിന് എം.ഡി ടോമിൻ തച്ചങ്കരി ശബരിമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇലക്ട്രിക് ബസുകളുടെ സർവീസും ആരംഭിച്ചിട്ടുണ്ട്.
മണ്ഡലകാലത്ത് 300 സ്‌പെഷ്യൽ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. ഇതിൽ 50 എണ്ണം പമ്പയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കും 250 എണ്ണം വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുമാണ്. ഇവ തീർത്ഥാടകർക്ക് മാത്രമായാണ്. തീർഥാടകരുടെ ആവശ്യത്തിനല്ലാതെ സ്റ്റോപ്പുകളും ഉണ്ടാവില്ല.
നിലയ്ക്കൽ-പമ്പ റൂട്ടിൽ 200 നോൺ എ.സി ബസുകളും 50 എ.സി ബസുകളുമാണ് സർവീസ് നടത്തുക. നോൺ എ.സി ബസുകൾക്ക് 40 രൂപയും എ.സി ബസുകൾക്ക് 75 രൂപയുമാണ് നിരക്ക്.