water-authority
water authority

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ സെർവറുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (എ.ഡി.ബി.എ)​ തസ്തികയിലുള്ള ഉദ്യോഗസ്ഥന് മതിയായ യോഗ്യത ഇല്ലെന്ന് ആക്ഷേപം.

ബില്ലിംഗ് അടക്കമുള്ളവയ്ക്കായി ഉപയോഗിക്കുന്ന ഇ - അബാക്കസ് സോഫ്‌റ്റ്‌വെയർ അടുത്തിടെ കുഴപ്പത്തിലായതോടെയാണ് ഇതിന്റെ ചുമതലക്കാരുടെ യോഗ്യതയും നിയമനവും വിവാദമായത്.

വിദൂര വിദ്യാഭ്യാസം വഴി എം.സി.എ എടുത്തയാൾക്കാണ് നിയമനം കിട്ടിയത്. സാങ്കേതിക തസ്തിക ആയതിനാൽ കോളേജിൽ നേരിട്ടു പഠിച്ചു നേടിയ ബിരുദം വേണമെന്നാണ് വ്യവസ്ഥ. അതു പാലിക്കപ്പെട്ടില്ല.

ഉയർന്ന പദവിയായ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ പദവി മൂന്നു വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്. അതിലേക്കും വഴിയൊരുക്കുന്ന തരത്തിൽ ടെക്നിക്കൽ സ്പെഷ്യൽ റൂൾസിൽ പുതിയൊരു ശുപാർശ സർക്കാരിലേക്ക് പോയിട്ടുണ്ട്. തൊട്ടുതാഴെയുള്ള അസിസ്റ്റന്റ് തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം മതിയെന്നാണ് അതിൽ പറയുന്നത്.

നിയമനക്കളി ഇങ്ങനെ

2015 ൽ ഡി.ബി.എ ആയിരുന്ന ഉദ്യോഗസ്ഥ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഹെഡ് ക്ളാർക്കാർക്കിന് ചുമതല കൈമാറുകയായിരുന്നു. ഈ വർഷം മേയ് 31ന് വിരമിച്ച ചീഫ് എൻജിനീയർ സർവീസിലെ അവസാന ദിവസം ഈ ഉദ്യോഗസ്ഥനെ അത്രയുംകാലം ചുമതല വഹിച്ചതിന്റെ പേരിൽ എ.ഡി.ബി.എയായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. അതിനു മാനദണ്ഡമാക്കിതാവട്ടെ സർക്കാരിന് നൽകിയ അംഗീകാരം കിട്ടാത്ത ശുപാർശയാണ്. അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടെങ്കിൽ നിയമിക്കാമെന്നാണ് ആ ശുപാർശ.

യഥാർത്ഥത്തിൽ പഴയ ടെക്നിക്കൽ റൂൾ പ്രകാരമാണ് നിയമനം നടത്തേണ്ടത്. അതുപ്രകാരം പി.ജി.ഡി.സി.എയുള്ള വാട്ടർ അതോറിറ്റിയിലെ തന്നെ മറ്റൊരാളിനാണ് യോഗ്യത. എന്നാൽ, എ.ഡി.ബി.എയായി അഞ്ച് വർഷം പ്രവൃത്തിച്ചയാളെ ‌ഡി.ബി.എയായി നിയമിക്കാമെന്ന് അംഗീകാരത്തിനായി നൽകിയിരിക്കുന്ന പുതിയ റൂൾസിൽ ശുപാ‍ർശയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ നിയമനം.
ബി.ടെക്ക് അല്ലെങ്കിൽ എം.സി.എയും 10 വർഷം പ്രവൃത്തിപരിചയവുമുള്ളയാളെ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കാൻ രണ്ട് വർഷം മുമ്പ് തീരുമാനിച്ചതും നടപ്പായില്ല. യോഗ്യതയുള്ള, വാട്ടർ അതോറിട്ടിയിലെ തന്നെ ബിടെക്ക് എൻജിനിയർ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.സോഫ്‌റ്റ്‌വെയറുകൾ രൂപകൽപന ചെയ്യാൻ എൻജിനീയറിംഗ് കോളേജുകളിലെ കമ്പ്യൂട്ടർ/ഐ.ടി വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ് കഴിഞ്ഞ വർഷം നിയമസഭയിൽ പറഞ്ഞിരുന്നു.