raju

കാട്ടാക്കട: നിത്യവൃത്തിക്കായി ചുവർ ചിത്രങ്ങൾ വരയ്ക്കുന്ന രാജുവിന്റെ ചിത്രങ്ങളെല്ലാം ഗ്രാമഭംഗി വിളിച്ചോതുന്നവയാണ്. ഉഴമലയ്ക്കൽ സ്വദേശിയായ ഇയാൾക്ക് ചിത്രം വരയ്ക്കാൻ വലിയ കാൻവാസോ പെയിന്റോ ബ്രഷോ ഒന്നും വേണ്ട. ചോക്കും കരിയും പച്ചിലകളും ഉണ്ടെങ്കിൽ രാജു ജീവസുറ്റ ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ റെഡിയാക്കും. അന്നന്നുള്ള അന്നത്തിന് വക കണ്ടെത്താൻ ചുവരുകളിൽ ചിത്രങ്ങൾ വരച്ച് തുച്ഛമായ വരുമാനം കണ്ടെത്തുകയാണ് രാജു. തെരുവുകളിലെ മതിലുകളിലും കടകളുടെ ഭിത്തികളിലും ഗ്രാമ ദൃശ്യങ്ങൾ കാൻവാസിൽ പകർത്തുന്നതിനാണ് രാജുവിന് ഏറെ ഇഷ്ടം. വയസെത്രയായി എന്നു ചോദിച്ചാൽ അറിയില്ലെന്നാവും രാജുവിന്റെ മറുപടി. എന്നാൽ പത്ത് വയസു മുതൽ ഇത്തരത്തിൽ ചിത്രങ്ങൾ വരയ്ക്കുമെന്നാണ് മറുപടി. ചുവരുകളിൽ ചിത്രങ്ങൾ വരയ്ക്കുമ്പോൾ കാഴ്ചക്കാരായി എത്തുന്നവർ നൽകുന്ന ചില്ലറ തുട്ടുകളാണ് രാജുവിന്റെ ആകെ വരുമാനം. ഉഴലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട് കിഴക്കുപുറത്താണ് ജന്മദേശം. വല്ലപ്പോഴും മാത്രമാണ് വീട്ടിലെത്തുന്നത്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും തെരുവോരങ്ങളിൽ ചിത്രം വരയ്ക്കുന്ന ഈ കലാകാരന് ഇതുവരെ യാതൊരു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നു ലഭിച്ചിട്ടില്ല. ജീവസുറ്റ പക്ഷിമൃഗാദികളും ഗ്രാമീണ പ്രദേശങ്ങളും,റബർ തോട്ടങ്ങളിലൂടെയുള്ള കെ.എസ്.ആർ.ടി.സിയുടെ ബസുകളും കടന്നുപോകുന്ന ദൃശ്യങ്ങളാണ് രാജുവിന്റെ മികച്ച കലാസൃഷ്ടികൾ. പലയിടത്തായി ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച രാജുവിന് പ്രായം തളർത്തിയതല്ലാതെ മറ്റ് അസുഖങ്ങളൊന്നുമില്ല. വർഷങ്ങൾക്ക് മുൻപ് ഗ്രാമീണ മേഖലയിലെ തെരുവുകളിലെ മതിലുകളിലും രാജു വരച്ച ചിത്രങ്ങൾ ഇന്നും മങ്ങലേൽക്കാതെ തിളങ്ങി നിൽക്കുന്നുണ്ട്.