light-and-sound-in-touris

തിരുവനന്തപുരം:വാഹനങ്ങളിൽ അടിച്ചുപൊളിക്കാൻ ലേസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രകാശ സംവിധാനങ്ങൾ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! വണ്ടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കട്ട് ചെയ്തും.

ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമല്ല പുറത്തും മിന്നിക്കും. അതുകൊണ്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.

വിനോദയാത്രയ്‌ക്കുള്ള ബസുകളിലും ട്രാവലറുകളിലുമാണ് അമിതമായ പ്രകാശ സംവിധാനം ഉള്ളത്. പല വാഹനങ്ങളിൽ മ്യൂസിക് ആൻഡ് ലൈറ്റ് ഷോയാണ് നടക്കുന്നത്. വാഹനത്തിന്റെ പ്ളാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ളാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ‌ഡാൻസ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. അപകടമുണ്ടാകാൻ വേറെ കാരണം വേണ്ട.

വാഹനം വാങ്ങുമ്പോൾ ഉള്ള ഹെഡ്‌ലൈറ്റ് മാറ്റി തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും. ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളിൽ രാത്രി പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും.

പ്രകാശ പരിധി

അനുവദിച്ചത് 50 - 60 വാട്ട്

ഉപയോഗിക്കുന്നത് 100 - 120 വാട്ട്

അനുവദനീയമായ പ്രകാശ തീവ്രത 2000 ലൂമിനസ് വരെ

അനുവദിച്ച ശബ്ദത്തിന്റെ തോത് (ഡെസിബൽ )

ഇരുചക്ര വാഹനങ്ങൾ 80

പാസഞ്ചർ കാറുകൾ, മുച്ചക്രവാഹനങ്ങൾ (പെട്രോൾ) 82

4000 കിലോയിൽ താഴെ ഭാരമുള്ള ഡീസൽ വാഹനങ്ങൾ 85

4000 മുതൽ 12,000 കിലോവരെ ഭാരമുള്ള വാഹനങ്ങൾ 89

12,000 കിലോയിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ 91

'വാഹനങ്ങളിൽ പരിധി വിട്ട് പ്രകാശം പാടില്ലെന്ന നിയമം കർശനമാക്കും. രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്''

- കെ. പത്മകുമാർ, ട്രാൻസ്പോർട്ട് കമ്മിഷണർ