stroke
stroke

തിരുവനന്തപുരം: സ്ട്രോക്കിനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് സമാപിച്ചു. യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് സെൻട്രൽ ലാൻഷറിന്റെ സഹകരണത്തോടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കോൺഫറൻസ് സ്റ്റാച്യു റസിഡൻസി ടവറിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്തു. സ്ട്രോക്ക് എന്ന അവസ്ഥ കണ്ടുനിൽക്കുന്നവർക്കും രോഗിക്കും ഒരുപോലെ വേദനാജനകമാണെന്നും തന്റെ അമ്മയടക്കമുള്ള പ്രിയപ്പെട്ടവർ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നതിന് താൻ സാക്ഷിയായിട്ടുണ്ടെന്നും ഗൗരി ലക്ഷ്മിബായി പറഞ്ഞു. സ്ട്രോക്ക് നിയന്ത്രണവിധേയമാക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ പ്രശംസനീയമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് കോൺഫറൻസ് കോ-ഓർഡിനേറ്റർ ശ്രീചിത്ര ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. പി.എൻ. ഷൈലജ പറഞ്ഞു.നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ സ്ട്രോക്ക് ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം പ്രൊഫസർ മാരിയോൺ വാൾക്കർ മുഖ്യാതിഥിയായി. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഡോ. ജയരാജ് ദുരൈ പാണ്ഡ്യൻ ,നഴ്സിംഗ് ഓഫീസർ വത്സലകുമാരി തുടങ്ങിയവർ സംസാരിച്ചു.

കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങളും രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ചർച്ചചെയ്തു. സ്ട്രോക്കിലെത്തിപ്പെടുന്ന രോഗിയെ എങ്ങനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാം എന്നതിനെക്കുറിച്ചായിരുന്നു സമാപന ദിവസത്തെ ചർച്ച. യു.കെയിൽ നിന്നുള്ള 12അംഗ വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, നഴ്സുമാർ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 320 പേർ കോൺഫറൻസിൽ പങ്കെടുത്തു.