nagarro

കല്ലറ: കാൽനൂറ്റാണ്ട് പഴക്കമുള്ള സിമന്റ് നിർമ്മിത കുടിവെള്ള പൈപ്പുകൾക്ക് മുകളിലൂടെ റോഡ് നിർമ്മിയ്ക്കുമ്പോൾ അവ മാറ്റി സ്ഥാപിക്കാതെ പരസ്പരം പഴിചാരുകയാണ് അധികൃതർ. 32 കോടി രൂപ മുടക്കി നിർമ്മിയ്ക്കുന്ന കാരേറ്റ്-പാലോട് റോഡിന്റെ രണ്ടാംഘട്ട ജോലികളുടെ കാര്യമാണിത്.നിർമ്മാണം ആരംഭിയ്ക്കുന്നതിന് മുമ്പ് പൈപ്പുകൾ മാറ്റണമെന്ന് പി.ഡബ്ല്യു.ഡി അധിക‌ൃതർ വാട്ടർ അതോറിട്ടിയെ അറിയിച്ചിരുന്നെങ്കിലും പലകാരണങ്ങളാൽ അതുണ്ടായില്ല.പൈപ്പുകൾ മാറ്റാതെ റോഡ് പണി പൂർത്തിയാക്കിയാൽ മുടക്കിയ കോടികൾ വെള്ളത്തിലാകുമെന്ന് അധികൃതർക്ക് അറിയാമെങ്കിലും കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലാണവർ.പൊതുമരാമത്ത്, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നെങ്കിൽ ഇതിനകം പൈപ്പുകൾ മാറ്റിയിടാൻ കഴിയുമായിരുന്നു.ഭരതന്നൂർ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ മൈലമൂട് വരെ നാല് കിലോമീറ്ററോളം ദൂരം കുടിവെള്ളപൈപ്പുകൾ റോഡിനടിയിലുണ്ട്.കേന്ദ്ര ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായി കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ സ്ഥാപിച്ച ഈ പൈപ്പുകൾ ബലക്ഷയം കാരണം പൊട്ടുന്നത് പതിവാണ്.കൂടാതെ ആ ഭാഗത്തെ റോഡും ഒലിച്ച് പോകാറുണ്ട്.ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാൽ മാത്രമേ പൊട്ടുന്നത് തടയാനാകൂ.റോഡിന്റെ രണ്ടാംഘട്ട നിർമ്മാണം തുടങ്ങിട്ട് ഒരു വർഷമായെങ്കിലും പൈപ്പുകൾ മാറ്റി സ്ഥാപിയ്ക്കാൻ വാട്ടർ അതോറിട്ടി കൂട്ടാക്കിയിട്ടില്ല.റോഡ് പണി പൂർത്തിയാകുമ്പോൾ ഈ പൈപ്പുകൾ റോഡിന് മദ്ധ്യഭാഗത്താകും.പൈപ്പ് ലൈനുകളുടെ സ്ഥാനം റോഡിന്റെ വശത്തേയ്ക്ക് മാറ്റണമെന്നും സിമന്റ് പൈപ്പുകൾക്ക് പകരം ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.