kadakampally-surendran

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അമ്മ മരിച്ച് ആറു മാസംപോലും തികയുംമുമ്പാണ് ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളിസുരേന്ദ്രൻ.തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലായിലാണ്. വിശ്വാസികൾ ഉറ്റവരുടെ മരണം നടന്ന് ഒരു വർഷത്തിന് ശേഷമേ ശബരിമലയിൽ എത്താറുള്ളു. അമ്മ മരിച്ച് നാലു മാസം പോലും തികഞ്ഞിട്ടില്ല. ഏത് ആചാര പ്രകാരമാണ് സുരേന്ദ്രൻ പുലമാറുംമുമ്പേ മലയിലെത്തിയത്. ഒരു വിശ്വാസവും ഇവർക്ക് ഇല്ല. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ നാലുവോട്ടും രണ്ട് സീറ്റും നേടാനാണ് സുരേന്ദ്രനും ബി.ജെ.പിയും ശബരിമല സമരം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇരുമുടിക്കെട്ട് തറയിലിട്ടത്

സുരേന്ദ്രനെന്ന് മന്ത്രി

നിലയ്ക്കലിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ചിറ്റാർ സ്‌റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്ന ആരോപണം പച്ചകള്ളമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരുമുടിക്കെട്ട് തറയിലേക്കിട്ടത് സുരേന്ദ്രൻ തന്നെയാണെന്നും ഇതെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.സ്റ്റേഷനിൽ ശനിയാഴ്ച രാത്രി നടന്ന സംഭവങ്ങളുടെ സി.സി.ടിവി ദൃശ്യങ്ങൾ മന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ആരോപണം ശ്രദ്ധയിൽപ്പെട്ട ഉടൻ ചിറ്റാർ സർക്കിൾ ഇൻസ്പെക്ടറെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്‌റ്റേഷനിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ തെളിവായി സി. ഐ കൈമാറുകയായിരുന്നു.

സുരേന്ദ്രനെ സി.ഐയുടെ ഓഫീസിലായിരുന്നു ഇരുത്തിയത്. കിടക്കണമെന്ന് പറഞ്ഞപ്പോൾ അതിനുള്ള സൗകര്യം നൽകി.കുടിക്കാൻ ചൂടുവെള്ളം ചോദിച്ചപ്പോൾ അതും നൽകി. മരുന്ന് കഴിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ശബരിമലയിൽ ഇപ്പോഴുള്ള പൊലീസ് നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിചേർത്തു.