ആറ്റിങ്ങൽ: ദേശീയ പാതയിൽ ഐ.ടി.ഐയ്ക്കു സമീപം ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്ക് മദ്യവുമായെത്തുന്ന ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് വാഹന-കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി റോഡ് കടക്കുമ്പോൾ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. മദ്യ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ കുട്ടിയെ കണ്ടില്ലെന്നാണ് ടിപ്പർ ലോറി ഡ്രൈവർ പറഞ്ഞത്. ഇതുപോലെ നിരവധി അപകടങ്ങൾ ഇവിടെ പതിവാണ്.
മദ്യ ഗോഡൗൺ സ്ഥിതിചെയ്യുന്ന ഇവിടെ ദേശീയപാതയ്ക്കിരുവശവും രണ്ടും മൂന്നും വരികളായിട്ടാണ് ലോറികളുടെ അനധികൃത പാർക്കിംഗ്. അടുത്തകാലങ്ങളിൽ ഐ.ടി.ഐയ്ക്കു സമീപം ഉണ്ടാകുന്ന അപകടങ്ങൾക്കുകാരണം ലോറികളുടെ അനധികൃത പാർക്കിംഗാണെന്ന് മനസിലാക്കിയ ആർ.ടി.ഒ ഉദ്യോഗസ്ഥർ ഇവിടെ നിന്നും ലോറികൾ മാറ്റി പാർക്ക് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെ കാറ്റിൽ പറത്തിയിട്ടും അധികൃതർ തുടർനടപടികൾക്ക് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ലോറി ജീവനക്കാർ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത് സമീപത്തെ പറമ്പുകളിലാണെന്നും ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ മദ്യപിച്ച് ലോറി ഡ്രൈവർമാർ ബഹളമുണ്ടാക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ഈ കാരണങ്ങൾ കാണിച്ച് നഗരസഭയ്ക് നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.