road

കിളിമാനൂർ: മൊട്ടക്കുഴി റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ-മൊട്ടക്കുഴി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വീണ്ടും സ്തംഭനാവസ്ഥയിലായതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കരാറുകാർ പണി പൂർത്തിയാക്കാതെ അലംഭാവം കാട്ടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഒരു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്നു.

വാഹന തിരക്ക് കാരണം ടാർ ഇളകി റോഡിൽ കുണ്ടും കുഴിയും ആയതോടെയാണ് ബി.സത്യൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് തയ്യാറായത്. ഇതനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, റോഡരികിൽ സംരക്ഷണ തൂണുകൾ സ്ഥാപിക്കുന്നതിലും മറ്റും മാത്രമായി പണി ഒതുങ്ങിയിരിക്കുകയാണ്. മെറ്റലുകൾ ഇളകിയതോടെ ഇതു വഴി കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനക്കാർ അപകടത്തിൽ പെടുന്നതും ഇവിടെ പതിവാണ്.റോഡിന്റെ ദുരവസ്ഥ കാരണം അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടോയും, ടാക്സിയും സവാരിക്ക് തയ്യാറാകാത്ത അവസ്ഥയുമുണ്ട്.വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി നാട്ടുകാരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. ഇതേ കുറിച്ച് നിരവധി പരാതി നൽകിയിട്ടും അധികൃതർ വിമുഖത കാട്ടുന്നതായി ആക്ഷേപമുണ്ട്.