reidency-tower
തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന അന്താരഷ്ട്ര സ്ട്രോക്ക് കോൺഫറൻസ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ് നിർവഹിക്കുന്നു.ഡോ.പി.എൻ ശൈലജ,പ്രൊഫ: മാരിയോൺ വാൾക്കർ,ഡോ.ജയരാജ് ദുരൈ പാണ്ഡ്യൻ,വൽസലകുമാരി തുടങ്ങിയവർ സമീപം

തിരുവനന്തപുരം:രാജ്യത്തെ 17 ലക്ഷം ജനങ്ങൾ സ്ട്രോക്കിന്റെ പിടിയിലാണെന്നും ഇതിൽ നാൽപത് ശതമാനത്തോളം പേർ 40 വയസിൽ താഴെ പ്രായമുള്ളവരാണെന്നും വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ കണക്ക്. സ്ട്രോക്കിനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന വിഷയത്തെ അടിസ്ഥാനമാക്കി യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് സെൻട്രൽ ലാൻഷറിന്റെ സഹകരണത്തോടെ ശ്രീചിത്ര ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജറി വിഭാഗം സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയപ്പെടുന്നതുമൂലമോ രക്തധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതുമൂലമോ സംഭവിക്കുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക്. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ ഏകദേശം 140-160 പേർക്ക് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ.

ശരിയായ സമയത്തുള്ള രോഗനിർണയവും ചികിത്സയും മാത്രമാണ് രോഗിയെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഏക വഴിയെന്ന് അന്താരാഷ്ട്ര കോൺഫറസിൽ ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു. സ്‌ട്രോക്ക് ചികിത്സ കാര്യക്ഷമമായി നടത്തുന്നതിന് ആശുപത്രികളിൽ സ്‌ട്രോക്ക് യൂണിറ്റ് ആവശ്യമാണ്. മാസങ്ങൾക്ക് മുൻപ് വരെ വലിയ ആശുപത്രികളിൽ മാത്രമായിരുന്നു ഇതിനുള്ള സൗകര്യം. എന്നാൽ സ്ട്രോക്ക് ബാധിച്ചവർക്ക് അടിയന്തര ചികിത്സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററുകൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമൊക്കെ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ മരണനിരക്ക് കുറയ്‌ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. സ്‌ട്രോക്ക് ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടർ, നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷൻ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ യൂണിറ്റിന്റെ ഭാഗമാകണമെന്നും സി.ടി. സ്കാൻ പരിശോധനാ സൗകര്യം ഉറപ്പുവരുത്തണമെന്നും കോൺഫറസിൽ എത്തിയവർ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ആരോഗ്യവകുപ്പിലെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് സ്ട്രോക്കിനെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്.