തിരുവനന്തപുരം: ശബരിമലയിൽ ദേശീയ നേതാക്കളെ ഇറക്കി പ്രക്ഷോഭത്തിന് കരുത്തു പകരാൻ ബി.ജെ.പി സംസ്ഥാന ഘടകം തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്ത് നൽകും. ഇതിലൂടെ ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതി കേന്ദ്രത്തെ അറിയിക്കുകയെന്ന ഉദ്ദേശ്യവും സംസ്ഥാന ഘടകത്തിനുണ്ട്.
ഉത്തരേന്ത്യയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, ഇതര സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരെ ശബരിമലയിലെത്തിക്കാനാണ് നീക്കം.
മണ്ഡലകാലം ആരംഭിച്ചതോടെ ശക്തമായ പൊലീസ് സുരക്ഷയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. തുലാമാസ പൂജയ്‌ക്കും ചിത്തിര ആട്ട വിശേഷത്തിനും യുവതീ പ്രവേശനത്തിനെതിരെ പ്രതിരോധം പടുത്തുയർത്താൻ ബി.ജെ.പിക്കും ആർ.എസ്.എസിനും കഴിഞ്ഞിരുന്നു. ഇപ്പോൾ സ്ഥിതി മറിച്ചായി. നിലയ്‌ക്കൽ മുതൽ കർശന പരിശോധന ആരംഭിച്ചതും സന്നിധാനത്തും പമ്പയിലും ആരെയും തങ്ങാൻ അനുവദിക്കാത്തതും സമരക്കാരെ പ്രതിരോധത്തിലാക്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാർ ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. പ്രശ്നങ്ങൾ സൃഷ്ടിച്ച നേതാക്കളെ നിലയ്ക്കലിൽ തടയുമെന്നും തിരിച്ചുപോയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് തുറുപ്പ് ചീട്ട് പോലെ ദേശീയനേതാക്കളെ രംഗത്തിറക്കുന്നത്. ഇവർ വന്നാൽ പൊലീസ് സുരക്ഷയിൽ ശബരിമലയിൽ എത്തിക്കേണ്ടി വരും. പ്രത്യേക സുരക്ഷയുള്ള നേതാക്കളെ നിലയ്‌ക്കലിൽ നിന്ന് പമ്പയിലും അവിടെ നിന്ന് സന്നിധാനത്തും എത്തിക്കുന്നത് പൊലീസിന് കടുത്ത വെല്ലുവിളിയാകും. ഇവർക്കൊപ്പം കേരള നേതാക്കളും ഉണ്ടാവും.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്ന് പമ്പയിൽ എത്തും. പക്ഷേ, പത്തനംതിട്ടക്കാരനായ കണ്ണന്താനത്തെ പമ്പയിൽ എത്തിച്ചതുകൊണ്ടു മാത്രം കാര്യമില്ല. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ എത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ശബരിമല വിഷയം വോട്ടാക്കണമെന്ന കൃത്യമായ നിർദ്ദേശമാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്‌ച പറ്റിയാൽ സംസ്ഥാന നേതാക്കൾ മറുപടി പറയേണ്ടി വരും.
ലക്ഷ്യങ്ങൾ