തിരുവനന്തപുരം : കെ. സുരേന്ദ്രനെ നിലയ്‌ക്കലിൽ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഇന്നലെ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ നടന്ന സമരം ദീർഘദൂര യാത്രക്കാരെയടക്കം വലച്ചു. എല്ലാ ജില്ലകളിലും രാവിലെ പത്തര മുതൽ ഒന്നര മണിക്കൂറായിരുന്നു സമരം. റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകർ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് ചിലയിടങ്ങളിൽ സംഘർഷമുണ്ടാക്കി. മിക്കയിടത്തും വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ് പൊലീസ് ഗതാഗതക്കുരുക്കൊഴിവാക്കിയത്.
തിരുവനന്തപുരത്ത് തമ്പാനൂർ ഓവർബ്രിഡ്‌ജിൽ നടന്ന പ്രതിഷേധം ബി.ജെ.പി വക്താവ് എം.എസ്. കുമാർ ഉദ്ഘാടനം ചെയ്‌തു. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളിലും ദേശീയപാത ഉപരോധിച്ചു. കൊല്ലം - തേനി ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിലും, മദ്ധ്യകേരളത്തിലെ വിവിധ ജില്ലകളിലും ദേശീയപാത ഉപരോധിച്ചു.
എറണാകുളം ജില്ലയിൽ അങ്കമാലി, വൈറ്റില, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു ഉപരോധം. ഇതോടെ വൈറ്റിലയിൽ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഇവിടെ പൊലീസ് വഴിതിരിച്ചുവിട്ട വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. വൈറ്റിലയിലെ പ്രതിഷേധം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ ആമ്പല്ലൂരിൽ ഉപരോധം മറികടന്നുപോകാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസ് പ്രവർത്തകർ തടഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഉപരോധ സമരം നടന്നു. കോട്ടയത്ത് പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഉപരോധം നടന്നത്. ഗതാഗതം താറുമാറായതോടെ മലബാർ മേഖലയിലെ ജനജീവിതം താറുമാറായി. കോഴിക്കോട് - താമരശ്ശേരിയിൽ റോഡ് ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരന് മർദ്ദനമേറ്റു. വടകരയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുമുണ്ടായി. കോഴിക്കോട്ട് പാളയത്തടക്കം ആറിടത്തായിരുന്നു ഉപരോധം. മലപ്പുറത്ത് ഏഴിടങ്ങളിലും കണ്ണൂരിൽ രണ്ടിടത്തും ദേശീയപാത ഉപരോധിച്ചു. വയനാട്ടിലും കാസർകോട്ടും ദേശീയപാത ഉപരോധിച്ചതോടെ പൊലീസ് വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു.