തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന അക്രമങ്ങളെ നേരിടാൻ സംസ്ഥാന സർക്കാർ സാദ്ധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പിടിവാശിയില്ല. ബി.ജെ.പി നേതാക്കൾ അറസ്റ്റ് വരിക്കുന്നതിന് പകരം ഡൽഹിയിൽ പോയി നരേന്ദ്രമോദിയെ കണ്ട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെട്ടാൽ പോരെ എന്നും കോടിയേരി ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കലാണ് ഇത്. അഞ്ച് ശതമാനം പേർ മാത്രമാണ് അവർക്കൊപ്പമുള്ളത്. ബാക്കി 95 ശതമാനം പേർ ഉണരണം. എൻ.എസ്.എസ് ആർ.എസ്.എസിന് ഒപ്പം ചേരുന്ന സംഘടനയല്ല. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് അവർക്ക് അവരുടേതായ നിലപാടുകളുണ്ട്. അവർ അക്രമ മാർഗങ്ങളിലേക്ക് പോയിട്ടില്ല. എൻ.എസ്.എസ് ഉന്നയിച്ച പ്രശ്നങ്ങൾ പരമാവധി പരിഗണിക്കുന്നത് കൊണ്ടാണ് സാവകാശ ഹർജി കൊടുക്കാൻ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.