നെടുമങ്ങാട്: പേര് ഹൈജീനിക് ഫിഷ് മാർക്കറ്റ്; കച്ചവടം പൊതുനിരത്ത് കൈയേറി മലിനജലത്തിന് നടുവിൽ. വീൻവാങ്ങാനെത്തുന്നവർ കാൽവഴുതി വീഴാതെ പുറത്തെത്തിയാൽ ഭാഗ്യം. നെടുമങ്ങാട് പബ്ലിക് മാർക്കറ്റിന്റെ അവസ്ഥയാണ് ഇത്. മാംസാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കുന്നുകൂടി പുഴുക്കളും മലനജലവും ചന്തയാകെ പരന്നൊഴുകുകയാണ്. കോടികൾ ചിലവിട്ട് നിർമ്മിച്ച ഹൈജീനിക് ഫിഷ്‌മാർക്കറ്റ് മാലിന്യത്തിൽ ജീർണിച്ച് നിലയിലാണ്. ഏഴ് മാസത്തോളമായി മാർക്കറ്റിൽ മാലിന്യം നീക്കംചെയതിട്ടില്ല. നടവഴിയിൽ ഐസ് പെട്ടികൾ നിരത്തിയാണ് മത്സ്യവില്പന. അറവുമാടുകളുടെ അവശിഷ്ടവും വില്പനയ്ക്കുശേഷം അഴുകിയ മത്സ്യങ്ങളും സമീപത്തെ കുറ്റിക്കട്ടിലേക്കുതന്നെ വലിച്ചെറിയുകയാണ് പതിവ്. ഇവിടുത്തെ മാലിന്ത്തിൽ നിന്നുള്ള അഴുക്കവെള്ളം ഒഴുകിയെത്തുന്നതാകട്ടെ കിള്ളിയാറിലേക്കും. നദിയിൽ മാലിന്യം ഒഴുക്കുന്നവർക്കെതിരെ കർഷന നടപടികൾ സ്വീകരിക്കുന്ന സഗരസഭ ഉദ്യോഗസ്ഥരാകട്ടെ ചന്തയിൽ മാലിന്യം നിക്ഷേപിക്കുന്നതിൽ മൗനം പാലിക്കുകയാണെന്നും അക്ഷേപമുണ്ട്. എന്നാൽ ദിവസവും കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കാനുള്ള സ്ഥലസൗകര്യം ഇല്ലെന്ന സ്ഥിരംപല്ലവിയിലാണ് നഗരസഭ. മഞ്ച റോഡിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്ത് മാലിന്യം കുഴിച്ചു മൂടാൻ നടത്തിയ ശ്രമം അയൽവാസികളുടെ എതിർപ്പ് കാരണം വിജയിച്ചില്ല. മറ്റു വാർഡ് കേന്ദ്രങ്ങളിലും മാലിന്യ നിക്ഷേപത്തിന് സ്ഥലം ലഭ്യമാക്കാൻ നാട്ടുകാർ തയാറല്ല. ഈ സാഹചര്യത്തിൽ ചന്തയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. രാവിലെ കടപ്പുറത്ത് നിന്ന് എത്തുന്ന മത്സ്യം കച്ചവടക്കാർക്ക് കൈമാറ്റം ചെയ്യുന്നത് ജില്ലാ ആശുപത്രി റോഡിലാണ്. വിതരണക്കാർ പെട്ടികൾ റോഡിനു കുറുകെ അടുക്കിവയ്ക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കും. പുലർച്ചെ ആരംഭിക്കുന്ന മത്സ്യ വിതരണം കഴിയുമ്പോൾ ഏഴുമണിയാവും. അത്രയും നേരം ആശുപത്രി റോഡിൽ വാഹനഗതാഗതം നിർത്തി വയ്ക്കുകയേ നിവൃത്തിയുള്ളു.
ചന്തയുടെ മേൽനോട്ടം വെറുംവാക്കായി
രണ്ടരക്കോടി രൂപ ചെലവിട്ട് നിർമ്മിച്ചതാണ് നെടുമങ്ങാട്ടെ ഹൈജിനിക് ഫിഷ് മാർക്കറ്റ്. ഇതിന്റെ ഭാഗമായ ഫ്രീസർ സംവിധാനം ഇതേവരെ പ്രവർത്തന ക്ഷമമായിട്ടില്ലെന്ന് മത്സ്യ വ്യാപാരികൾ പറയുന്നു. അംഗീകൃത അറവുശാലയ്ക്ക് വേണ്ടി ആരംഭിച്ച കെട്ടിട നിർമ്മാണം പാതിവഴി നിലച്ചു. അറുപത് ലക്ഷത്തോളം രൂപ കരാറുകാരന് നൽകാനുണ്ട്. അനധികൃത കശാപ്പ് വ്യാപകമാണ്. ചത്ത പശുവിന്റെയും കാളയുടെയും ഇറച്ചി വില്ക്കുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയർന്നിട്ടുണ്ട്. ശാസ്ത്രീയ സംവിധാനങ്ങളോടെയുള്ള അറവുശാലയുടെയും മുപ്പതോളം കടമുറികളുടെയും നിർമ്മാണമാണ് പാതിവഴിയിൽ നിലച്ചത്. മലിനജലം ശുദ്ധീകരിക്കുന്നത്തിനായി ഒരുക്കിയ സ്വീവേജ് പ്ലാന്റ് കഷ്ടിച്ച് ഒരു മാസമേ പ്രവർത്തിച്ചുള്ളു. മാർക്കറ്റിന്റെ സംരക്ഷണത്തിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപണമുണ്ട്.
ദുർഗന്ധത്തിൽ മുങ്ങി ഷോപ്പിംഗ് കോംപ്ലക്സുകളും
35 ലക്ഷം രൂപയ്ക്കാണ് ഇത്തവണ ചന്ത ലേലം പോയത്. മൂന്ന് ഷോപ്പിംഗ് കോംപ്ലക്സുകളുടെ വാടക ഇനത്തിൽ അഞ്ച് ലക്ഷം രൂപ ഓരോ മാസവും നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മത്സ്യമാർക്കറ്റിലെ ദുർഗന്ധം കാരണം ഒഴിഞ്ഞു പോകലിന്റെ ഘട്ടത്തിലാണ്. ചന്ത ശുചീകരണത്തിന് രണ്ടു ലക്ഷം രൂപ ഓരോ വർഷവും ചെലവിടുന്നതായി നഗരസഭ രേഖകളിലുണ്ട്. എന്നാൽ, കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യുന്നതിലും ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കുന്നതിലും അധികൃതരുടെ അനാസ്ഥയാണ് മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
''മാർക്കറ്റ് സംരക്ഷണത്തിൽ നഗരസഭ അനാസ്ഥ അവസാനിപ്പിക്കണം.മാലിന്യം വലിച്ചെറിയുന്നത് പരിസരത്തെ ജലസ്രോതസുകൾ മലിനമാകാൻ ഇടയാക്കിയിട്ടുണ്ട്. നഗരവാസികളുടെ പരാതി അധികൃതർ ഗൗരവമായി കാണണം''
--ഫാത്തിമ (വാർഡ് കൗൺസിലർ)
മാർക്കറ്റിനെ മാലിന്യത്തിൽ മുക്കി കൊല്ലാൻ അനുവദിക്കില്ല. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങും''
--കെ.ജെ. ബിനു (മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്)