തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാതാ ഉപരോധം യാത്രക്കാരെ വലച്ചു. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടന്ന ഉപരോധം ദീർഘദൂര യാത്രക്കാരെയടക്കം വലച്ചു. മിക്കയിടത്തും പൊലിസ് വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. ചിലയിടങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെ 10.30 മുതലായിരുന്നു ഉപരോധം. റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചായിരുന്നു പ്രതിഷേധം. തമ്പാനൂർ ഓവർബ്രിഡ്‌ജിൽ നടന്ന പ്രതിഷേധ പരിപാടി പാർട്ടി വക്താവ് എം.എസ്. കുമാർ ഉദ്ഘാടനം ചെയ്‌തു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ഇതുപോലെ തുടരുകയാണെങ്കിൽ ബി.ജെ.പി സമരം കൂടുതൽ ശക്തമാക്കുമെന്നും വരുംദിവസങ്ങളിൽ കേരളം സ്‌തംഭിപ്പിക്കുമെന്നും എം.എസ്. കുമാർ പറഞ്ഞു. റോഡ് തടസപ്പെടുത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നറിയാം. എന്നാൽ വിശ്വാസികൾക്കെതിരെയുള്ള സർക്കാരിന്റെ നയത്തിനെതിരെ സമരമല്ലാതെ മറ്റു മാർഗങ്ങളില്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പൊലിസ് രാജാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. പാപ്പനംകോട് സജി, പത്മകുമാർ, വി.ടി. രമ, പാപ്പനംകോട് രാജീവ്, അഞ്ജന, കല്ലയം വിജയകുമാർ, ബിന്ദു, മഞ്ജിത് എന്നിവർ സംസാരിച്ചു. ഓവർബ്രിഡ്‌ജിൽ നാല് റോഡുകൾ ചേരുന്നിടത്ത് റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചും സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കിഴക്കേകോട്ട, പാളയം, സ്റ്റാച്യു, തമ്പാനൂർ, വഞ്ചിയൂർ ഭാഗങ്ങളിൽ നിന്ന് ഓവർബ്രിഡ്‌ജിലേക്കുള്ള വാഹനങ്ങൾ പൊലിസ് മുൻകൂട്ടി തിരിച്ചുവിട്ടതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായില്ല. ഉപരോധം നടക്കുന്നതറിയാതെയെത്തിയ വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് തിരിച്ചയച്ചു. ജില്ലയിൽ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, വെഞ്ഞാറമൂട് എന്നിവിടങ്ങളിലും പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.