thiruvananthapuram-corpar

തിരുവനന്തപുരം : നഗരസഭയുടെ ചരിത്രത്തിലെ അപമാനകരമായ കൂട്ടത്തല്ലിന് ഇന്നലെ ഒരു വർഷം പൂർത്തിയായി. രണ്ടാം വർഷിക ദിനത്തിൽ ചേർന്ന പ്രത്യേക കൗൺസിലാണ് തമ്മിൽതല്ലി പിരിഞ്ഞത്. ഇന്നലെ മൂന്നാം വാർഷികദിനത്തിൽ ചേർന്ന വികസന സെമിനാറും സംഘർഷത്തിന്റെ പാതയിലായിരുന്നു.

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ തടയാൻ സദസിലിരുന്ന ഭരണാനുകൂലികൾ ശ്രമിച്ചത് അല്പനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെടലിനെ തുടർന്നാണ് അന്തരീക്ഷം സമാധാനപരമായത്. പട്ടം സെന്റ്‌ മേരീസ് സ്‌കൂളിൽ നടന്ന നഗരസഭയുടെ വികസന സെമിനാറിൽ ശബരിമലവിഷയം ഉയർത്തിയാണ് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചത്. രാവിലെ 10.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനത്തിനായി വേദിയിലേക്ക് കയറുന്നതിനിടയിൽ പ്രതിപക്ഷ പാർട്ടി നേതാവ് എം.ആർ. ഗോപൻ വേദിയിലേക്ക് കയറി മൈക്കിലൂടെ സെമിനാർ ബി.ജെ.പി ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടയിൽ മേയർ വി.കെ. പ്രശാന്ത് മൈക്ക് കൈക്കലാക്കി. ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഗോപന് പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റ് ബി.ജെ.പി കൗൺസിലർമാരും വേദിക്ക് അരികിലേക്ക് പ്ലക്കാർഡുകളുമായി പാഞ്ഞടുത്തു. സ്ഥിതി വഷളായതോടെ പൊലീസ് സംഘം സ്റ്റേജിന് മുന്നിലേക്ക് എത്തി ഇവരെ തടഞ്ഞു. ഇതോടെ മുദ്രാവാക്യം വിളികളുമായി സെമിനാർ ഹാളിന് പുറത്തേക്ക് ഇറങ്ങി. ഏറെനേരം പുറത്ത് മുദ്രാവാക്യം വിളികളുമായി നിന്ന കൗൺസിലർമാർ പിന്നീട് പിരിഞ്ഞു പോയി. ദേവസ്വം മന്ത്രി വേണ്ടേ വേണ്ട, ശബരിമല ആചാരങ്ങൾ സംരക്ഷിക്കുക തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്. ഇവരെ തടയാനായി സെമിനാറിന് എത്തിയ ഭരണാനുകൂലികൾ എഴുന്നേറ്റു. ഇതിനിടയിൽ പൊലീസ് ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

കലഹം മുറുകുന്നു....

മൂന്നാംവാർഷികത്തിലെ സെമിനാർ സംഘർഷത്തിൽ കലാശിച്ചില്ലെങ്കിലും അതേചൊല്ലിയുള്ള കലഹം മുറുകുകയാണ്. 100 വാർഡുകളിലെയും വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സെമിനാർ വിളിച്ചതെന്നും ഇത് അലങ്കോലമാക്കാൻ ജനപ്രതിനിധികൾ ശ്രമിച്ചത് ശരിയായില്ലെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രതിഷേധിക്കേണ്ടത് കോർപറേഷൻ വികസന സെമിനാറിലല്ലെന്നും അത് വേറെയെവിടെയെങ്കിലും നടത്തണമെന്നും മേയർ പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജനാധിപത്യപരമായി വാക്കൗട്ട് നടത്തുകയാണ് ചെയ്തതെന്ന് നഗരസഭ ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു. അക്രമികളെ ഇറക്കി പ്രതിഷേധക്കാരെ തടയാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നുവെന്നും ഗോപൻ ആരോപിച്ചു. പ്രതിഷേധങ്ങളെ തടയാനാണ് ശ്രമിക്കുന്നതെന്നാരോപിച്ച് ഇന്ന് ബി.ജെ.പി നഗരസഭയ്ക്ക് മുന്നിൽ യോഗം നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ശ്രീകുമാർ, പാളയം രാജൻ, വഞ്ചിയൂർ പി.ബാബു, എസ്.പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് കൗൺസിലർമാർ വികസനസെമിനാർ ബഹിഷ്കരിക്കുമെന്ന് നേരത്തേ തന്നെ പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാർ അറിയിച്ചിരുന്നു.