തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂർ ദേവസ്വംബോർഡ് ഇന്ന് സുപ്രീംകോടതിയിൽ പ്രത്യേക ഹർജി സമർപ്പിക്കും. സീനിയർ അഭിഭാഷകൻ ചന്ദ്രഉദയസിംഗ് ബോർഡിനായി ഹാജരാകും.
പ്രളയത്തിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമ്മിക്കാനുള്ള നടപടി പൂർത്തിയായില്ലെന്നും സ്ത്രീകളടക്കമുള്ള കൂടുതൽ ഭക്തരെത്തിയാൽ ക്ഷേത്രത്തിലെ സൗകര്യങ്ങൾക്ക് താങ്ങാനാവില്ലെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ സാവകാശം തേടാതിരുന്നതെന്ന ന്യായവും ബോർഡ് അറിയിക്കും. ഭക്തരുടെ എതിർപ്പുകളും ക്രമസമാധാനപ്രശ്നങ്ങളും സുപ്രീംകോടതിയിൽ പറയില്ല.
ശബരിമല വിധിക്കെതിരായ 48 പുനഃപരിശോധനഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജനുവരി 22ലേക്ക് മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വംബോർഡ് സാവകാശ ഹർജി നൽകുന്നത്. ഇതിന് സർക്കാരിന്റെ അനുമതിയുമുണ്ട്.