cm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പത്രപ്രവർത്തക യൂണിയന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് വി.മുരളീധരൻ എം.പി യൂണിയൻ പ്രസിഡന്റ് കമാൽ വരദൂരിന് കത്ത് നൽകി.ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് തന്റെ തീരുമാനമെന്ന് കത്തിൽ പറയുന്നു.ജനാധിപത്യത്തിൽ മാദ്ധ്യമസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ആചാരനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് വ്രതശുദ്ധിയോടെ ശബരിമലയിലേയ്ക്ക് പോകുന്ന തീർത്ഥാടകരെ അകാരണമായി അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ചുമതലയുള്ള മുഖ്യമന്ത്രി തന്നെയാണ് ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങിൽ വേദി പങ്കിടാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.