crime

മലയിൻകീഴ് : വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി വിളപ്പിൽശാല പുളിയറക്കോണം അലൈറ്റി ദീപത്തിൽ എൽ.ഐ.സി ജീവനക്കാരൻ രാജുവിന്റെയും ദീപയുടെയും മകൻ പ്ലസ് ടു വിദ്യാർത്ഥി ധീരജ് ആർ.നായരെ ക്രൂരമായി മർദ്ദിക്കുകയും തടയാനെത്തിയ മാതൃസഹോദരൻ മഹേഷ് കുമാറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി. ഇയാളുടെ വാരിയെല്ലിന്റെ ഭാഗത്തും കൈക്കും തോളിനും മുറിവേറ്റു. ധീരജിനെയും മഹേഷിനെയും വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസിയായ ടിപ്പർ സന്തോഷ് എന്ന ലെനിൻ ആണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു .

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ലെനിൻ പ്രതിയായ ഒരു കേസിൽ വർഷങ്ങൾക്കു മുൻപ് ധീരജിന്റെ പിതാവ് രാജു, ലെനെതിരെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ വൈരാഗ്യത്താൽ ലെനിൻ, രാജുവിനെ നിരന്തരം അസഭ്യം വിളിച്ചും മറ്രും ഉപദ്രവിക്കാറുണ്ട്. ധീരജിനെ ആക്രമിച്ചതിന് കഴിഞ്ഞ വർഷം കേസും നിലവിലുണ്ട്. ധീരജ് ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം. ഈ സമയം വീട്ടിൽ മാതാവ് ദീപ മാത്രമാണുണ്ടായിരുന്നത്. ലെനിൻ വീടിന് മുന്നിലെത്തി ധീരജിനെ എറിഞ്ഞ് വീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. മകനെ ആക്രമിക്കുന്നതുകണ്ട് ദീപ നിലവിളിച്ചു. സമീപത്ത് താമസിക്കുന്ന ദീപയുടെ സഹോദരൻ മഹേഷ് കുമാർ ഓടിയെത്തുമ്പോഴാണ് അയാൾക്ക് നേരെയും ആക്രമണമുണ്ടായത്. നിലവിളിയും ബഹളവും കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും ലെനിൻ രക്ഷപ്പെട്ടിരുന്നു. ലെനിനെതിരെ കേസെടുത്തതായി വിളപ്പിൽശാല എസ്.ഐ ഷിബു പറഞ്ഞു. ഇയാൾ ഒളിവിലാണ്.