സ്മൃതി മന്ദാനയും ഫോമിലെത്തിയതോടെ
ആസ്ട്രേലിയയെയും തോൽപ്പിച്ച് ഇന്ത്യ
വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ
പ്രോവിഡൻസ് : ആദ്യം ഹർമൻപ്രീത് കൗർ, പിന്നെ മിഥാലി രാജും ജമൈ റോഡ്രിഗസും. ഒടുവിലിതാ സ്മൃതിമന്ദാനയും കൂടി ഫോമിലെത്തിയപ്പോൾ കരീബിയൻ ദ്വീപുകളിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ സെമി ഫൈനലിലെത്തിയിരിക്കുന്നു.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ആസ്ട്രേലിയയെ 48 റൺസിന് തകർത്താണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 167/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ആസ്ട്രേലിയ 19.4 ഒാവറിൽ 119ന് ആൾ ഒൗട്ടാവുകയായിരുന്നു. 55 പന്തുകളിൽ 83 റൺസടിച്ച് ട്വന്റി 20 കരിയറിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ ഉയർത്തിയ സ്മൃതി മന്ദാനയാണ് ഇന്ത്യൻ പോരാട്ടത്തിന്റെ ചുക്കാൻ പിടിച്ചത്. 43 റൺസുമായി നായിക ഹർമൻ പ്രീത് കൗർ സ്മൃതിക്ക് ഉറച്ച പിന്തുണ നൽകി.
'സ്മൃതി" ലയം
55 പന്തുകൾ നേരിട്ട സ്മൃതി ഒൻപത് ഫോറുകളും മൂന്ന് സിക്‌സുകളും പായിച്ചു.
സ്മൃതിയുടെ ട്വന്റി 20 കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ.
തുടക്കം മുതൽ തകർത്തടിക്കുകയായിരുന്ന സ്മൃതിക്ക് പിന്തുണ നൽകിയത് ഹർമൻ പ്രീതാണ്. മൂന്നാം വിക്കറ്റിൽ ക്യാപ്ടനൊപ്പം 68 റൺസാണ് 42 പന്തുകളിൽ നിന്ന് കൂട്ടിച്ചേർത്തത്.
ഇന്ത്യ ഇതുവരെ
1. ന്യൂസിലൻഡിനെതിരെ 34 റൺസ് ജയം
2. പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം
3. അയർലൻഡിനെതിരെ 52 റൺസ് ജയം
4. ആസ്ട്രേലിയയ്ക്കെതിരെ 48 റൺസ് ജയം
ഇന്ത്യ ഇനി
ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനക്കാരായ ഇന്ത്യയ്ക്ക് സെമിയിൽ ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരാണ് എതിരാളികൾ.
നിലവിൽ ഗ്രൂപ്പ് എയിൽ വിൻഡീസ് ഒന്നാമതും ഇംഗ്ളണ്ട് രണ്ടാമതുമാണ്.
. ഇന്ന് ഇരുവരും തമ്മിൽ നടക്കുന്ന മത്സരത്തിൽ തോൽക്കുന്നവരെയാകും ഇന്ത്യ സെമിയിൽ നേരിടേണ്ടത്.
പോയിന്റ് നില
ഗ്രൂപ്പ് ബി
(കളി, ജയം, തോൽവി, സമനില, പോയിന്റ്)
ഇന്ത്യ 4-4-0-0-8
ആസ്ട്രേലിയ 4-3-1-0-6
ന്യൂസിലൻഡ് 4-2-2-4
പാകിസ്ഥാൻ 4-1-3-2
അയർലൻഡ് 4-0-4-0