പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ ജോർദാനെതിരായ
സൗഹൃദ മത്സരത്തിൽ
ഇന്ത്യയ്ക്ക് തോൽവി
അമ്മാൻ : കഴിഞ്ഞരാത്രി അമ്മാനിലെ കിംഗ് അബ്ദുള്ള ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ജോർദാനെതിരായ സൗഹൃദ മത്സരത്തിന് ഇറങ്ങാനൊരുങ്ങുമ്പോൾ പ്രതിസന്ധികൾ മാത്രമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീമിന് മുന്നിലുണ്ടായിരുന്നത്. എങ്കിലും 1-2 എന്ന മാർജിനിലെ തോൽവി മാത്രമേ വഴങ്ങേണ്ടിവന്നുള്ളൂ എന്ന ആശ്വാസത്തിലാണ് കോച്ച് സ്റ്റീവൻ കോൺസ്റ്റന്റൈൻ.
കനത്ത മഴയും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം ടീമംഗങ്ങളിൽ പലരും മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുമാത്രമാണ് അമ്മാനിലെത്തിയത്. ന്യൂഡൽഹിയിൽ നിന്ന് അമ്മാനിലേക്കുള്ള യാത്രയ്ക്കിടെ കുവൈറ്റ് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു പല താരങ്ങളും. ഒടുവിൽ ഒരു വിധത്തിൽ എത്തിയപ്പോഴാകട്ടെ കൈയിലുള്ളത് ടീം ജേഴ്സി മാത്രവും. ബൂട്ടും പ്ളേയിംഗ് കിറ്റുമൊക്കെയടങ്ങുന്ന ലഗേജ് ബാഗ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയി.
ഇന്ത്യൻ ടീമിനെ ഒരുമിച്ച് നിറുത്തി ഒരു വാം അപ്പ് സെഷൻ നടത്താൻ പോലും കോൺസ്റ്റന്റൈന് കഴിഞ്ഞില്ല. മത്സരത്തിന് തൊട്ടുമുമ്പ് മാത്രമാണ് ഇന്ത്യൻ ടീം ഗ്രൗണ്ട് കാണുന്നതുതന്നെ. സ്ഥിരനായകൻ സുനിൽ ഛെത്രിയുടെ അഭാവമായിരുന്നു മറ്റൊരു പ്രധാന ഘടകം. ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിനെതിരായ മത്സരത്തിനിടെയുണ്ടായ പരിക്ക് മൂലമാണ് ഛെത്രി ഇല്ലാതെ ഇന്ത്യയ്ക്ക് ഇറങ്ങേണ്ടിവന്നത്. അതിന്റെ ബുദ്ധിമുട്ടുകൾ പ്രതിഫലിക്കുകയും ചെയ്തു
വലിയ അബദ്ധം
ഫുട്ബാളിൽ അപൂർവ്മായി സംഭവിക്കുന്ന വലിയൊരു അബദ്ധത്തിലൂടെയാണ് ഇന്ത്യ ജോർദാന് ആദ്യ ഗോൾ സമ്മാനിച്ചത്. മത്സരത്തിന്റെ 25-ാം മിനിട്ടിൽ സ്വന്തം ഗോൾ പോസ്റ്റിൽ നിന്ന്ജോർദാൻ ഗോളിയും ക്യാപ്ടനുമായ അമർ ഷാഫി തൊടുത്ത ഷോട്ടാണ് ഇന്ത്യൻ വലയിൽ നേരിട്ടുകയറിയത്. ഛെത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ക്യാപ്ടന്റെ ആംബാൻഡണിഞ്ഞ് വല കാത്ത ഗുർപ്രീത് സിംഗ് സന്ധുവിന് പന്തിന്റെ ബൗൺസ് മനസിലാക്കാൻ കഴിയാതെ പോയതോടെയാണ് അബദ്ധം പറ്റിയത്
അരങ്ങേറ്റ നിഷ്ഠ
ആദ്യപകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്ത ജോർദാൻ 58-ാം മിനിട്ടിൽ ഇഹ്സാൻ ഹദ്ദാദിലൂടെ സ്കോർ 2-0 ആയി ഉയർത്തി തൊട്ടുപിന്നാലെ ഇന്ത്യ മുന്നേറ്റത്തിൽ ജാക്കി ചന്ദ് സിംഗിനെ പിൻവലിച്ച് നിഷുകുമാറിനെ അരങ്ങേറ്റത്തിനിറക്കി. 61-ാം മിനിട്ടിൽ തന്റെ രണ്ടാം ടച്ചിൽ തന്നെ പന്ത് വലയിലെത്തിച്ച് നിഷുകുമാർ അത്‌ഭുതം സമ്മാനിച്ചു. ക്ളോസ് റേഞ്ചിൽനിന്നായിരുന്നു നിഷുവിന്റെ ഗോൾ പിറന്നത്.
ആദ്യ പകുതിയിൽ മോശം പ്രകടനമായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ തിരിച്ചുവരികയായിരുന്നു. പത്താം മിനിട്ടിൽ ജോർദാന്റെ പെനാൽറ്റി സേവ് ചെയ്തിരുന്ന സന്ധുവാണ് ആദ്യഗോളിന് ഭീമാബദ്ധത്തിലൂടെ വഴിയൊരുക്കിയത്.
ക്യാപ്ഷൻ
അതിരുകളില്ലാത്ത
ആരാധന: അമ്മാനിൽ മലയാളിതാരം അനസ് എടത്തൊടികയ്ക്കൊപ്പം
സെൽഫിയെടുക്കാനെത്തിയ
വിദേശ മലയാളി ആരാധകർ