തിരുവനന്തപുരം: പൊലീസ് മർദ്ദിച്ചുവെന്നും ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഇരുമുടിക്കെട്ട് സുരേന്ദ്രൻ സ്വമേധയാ നിലത്തിട്ടതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ മന്ത്രി പുറത്തുവിട്ടതോടെ സംഭവം വിവാദമായി.
സുരേന്ദ്രന്റെ കൈയിൽ നിന്നു വീണ ഇരുമുടിക്കെട്ട് പൊലീസ് എടുത്തുകൊടുക്കുകയാണുണ്ടായതെന്ന് ദൃശ്യം കാട്ടി മന്ത്രി സമർത്ഥിക്കുന്നു. ഇരുമുടിക്കെട്ട് സ്വയം വലിച്ചെറിഞ്ഞതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി ടി.എം.തോമസ് ഐസക്കും വിമർശിച്ചു. സുരേന്ദ്രന്റെ നീക്കത്തിന് പിന്നിൽ ആരാണെന്ന് ജനങ്ങൾക്കറിയാമെന്ന് മന്ത്രി ഐസക്ക് പറഞ്ഞു.
എന്നാൽ, സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ക്രൂരമായി പെരുമാറിയശേഷം ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനാണ് വ്യാജ ആരോപണങ്ങളുമായി മന്ത്രിമാരും പൊലീസും രംഗത്തുവരുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ദൃശ്യം പുറത്തുവിട്ടത് സത്യം തുറന്നുകാട്ടാനാണ് സഹായിച്ചതെന്ന് ബി.ജെ.പി. നേതാവ് വി.വി. രാജേഷ് പറഞ്ഞു.
ബി.ജെ.പി ദൃശ്യത്തെ രാജേഷ് വിലയിരുത്തുന്നത് ഇങ്ങനെയാണ്: എസ്.പി ശക്തിയായി സുരേന്ദ്രന്റെ കൈക്കുപിടിച്ചു തിരിച്ച് വലിക്കുമ്പോൾ വേദന സഹിക്കാതെ സുരേന്ദ്രൻ വീഴാൻ പോകുന്നത് രണ്ടു തവണ കാണാം. മറ്റു പൊലീസുകാർ ചുറ്റും നിന്ന് സുരേന്ദ്രനെ ബലമായി പിടിച്ച് തള്ളുന്നതും ദൃശ്യത്തിലുണ്ട്.
ബല പ്രയോഗത്തിന്റെ ശക്തിയിൽ രണ്ട് തവണയും മുന്നോട്ട് ആഞ്ഞ്, സുരേന്ദ്രൻ
തറയിലേക്ക് വീഴാൻ പോകുന്നു. പൊലീസിന്റെ ബലപ്രയോഗത്തിൽ ഇരുമുടിക്കെട്ട് താഴെ വീണത് സുരേന്ദ്രൻ പരാതിയായി ഉയർത്തുമെന്ന് മനസിലാക്കിയ എസ്.പി അത് തിരികെ തോളത്തു വയ്ക്കുമ്പോൾ സുരേന്ദ്രന്റെ കൈകൾ സ്വതന്ത്രമായിരുന്നില്ല. കൈമുട്ട് വേദനിപ്പിക്കുംവിധം പൊലീസ് ബലപ്രയോഗം നടത്തിയതായാണ് ദൃശ്യത്തിൽ കാണുന്നത്. ഇത് മറച്ചു വയ്ക്കാനാണ് മന്ത്രി ശ്രമിച്ചതെങ്കിലും, പൊലീസ് ബലപ്രയോഗത്തിന്റെ കൂടുതൽ തെളിവാണ് ഇതിലൂടെ പരസ്യമായതെന്നാണ് ബി.ജെ. പി യുടെ വാദം.