modi

ഛിന്ദ്വാര: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായ ബീഫ് വിവാദം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിൽ പശു സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന കോൺഗ്രസ് കേരളത്തിൽ മാടിനെ അറവ് ചെയ്യുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ഛിന്ദ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് കണ്ണൂരിലെ തായത്തെരുവിൽ നടന്ന സംഭവം മോദി സൂചിപ്പിച്ചത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ചതി അവരുടെ രക്തത്തിലുണ്ട്. പക്ഷേ, മദ്ധ്യപ്രദേശിലെ ജനങ്ങൾ അവർക്ക് പ്രാധാന്യം നൽകില്ല. മദ്ധ്യപ്രദേശിൽ പശു സംരക്ഷത്തിന് വേണ്ടി വാദിക്കുകയും പ്രകടനപത്രികയിൽ ഇതിനുവേണ്ടി ചില പദ്ധതികളും ചേർത്തിട്ടുള്ള അതേ കോൺഗ്രസല്ലേ കേരളത്തിൽ പരസ്യമായി മാടുകളെ കൊന്നതും ആഹാരമാക്കിയതെന്നും മോദി ചോദിച്ചു.

ആധാർ സംവിധാനത്തിലൂടെ സർക്കാർ സ്കീമുകൾ അനർഹമായി ഉപയോഗിച്ചിരുന്ന ആറു കോടിയോളം പേരെ കണ്ടെത്തി. രാജ്യത്തിന്റെ സമ്പത്തിൽ നിന്നും പ്രതിവർഷം 90,000 കോടിയോളം നഷ്ടമാകുന്നത് തടയാൻ തന്റെ സർക്കാരിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. നംവബർ 28നാണ് മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ്. ഡിസംബ‌ർ 11ന് ഫലം പ്രഖ്യാപിക്കും.