england-srilanka-cricket-
ENGLAND SRILANKA CRICKET TEST

കാൻഡി : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയിച്ച് ഇംഗ്ളണ്ട് മൂന്ന് മത്സരപരമ്പരയിൽ 2- ത്തിന് മുന്നിലെത്തി. കാൻഡിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 57 റൺസിനായിരുന്നു ഇംഗ്ളീഷ് വിജയം.

കാൻഡിയിൽ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയ ശേഷമാണ് ശ്രീലങ്ക തോൽവി വഴങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 290 റൺസാണ് നേടിയത്. ശ്രീലങ്ക 336 റൺസും. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 346 റൺസ് നേടിയപ്പോൾ 301 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 243 റൺസിന് അഞ്ചാം ദിവസം ആൾ ഒൗട്ടാവുകയായിരുന്നു.

226/7 എന്ന സ്കോറിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാംഭിച്ച ശ്രീലങ്ക 17 റൺസ് കൂടി നേടുന്നതിനിടയിൽ തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഇംഗ്ളണ്ടിന് വേണ്ടി ഇടംകൈയൻ സ്പിന്നർ ജാക്ക് ലീച്ച് അഞ്ച് വിക്കറ്റുകളും മൊയിൻ അലി നാല് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഇംഗ്ളീഷ് ക്യാപ്ടൻ ജോറൂട്ടാണ് മാൻ ഒഫ് ദ മാച്ച്.

പാകിസ്ഥാന് ലക്ഷ്യം 176

അബുദാബി : ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം 176 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് 249 ആൾ ഒൗട്ടായതോടെയാണ് പാക് വിജയലക്ഷ്യം 176 റൺസായി നിശ്ചയിക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 153 റൺസിനും പാകിസ്ഥാൻ 227 റൺസിനും ആൾ ഒൗട്ടായിരുന്നു. മൂന്നാം ദിവസമായ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ പാകിസ്ഥാൻ വിക്കറ്റ് നഷ്ടം കൂടാതെ 37 റൺസെന്ന നിലയിലാണ്. ഇനി 139 റൺസാണ് പാകിസ്ഥാന് വേണ്ടത്.

ഇന്നലെ 56/1 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ന്യൂസിലാൻഡിനെ അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹസൻ അലിയും യാസിർ ഷായും ചേർന്നാണ് 249 ൽ ഒതുക്കിയത്.