കിളിമാനൂർ: ലോക പരിസ്ഥിതിദിനത്തിൽ ലക്ഷങ്ങൾ മുടക്കി ലക്ഷക്കണക്കിന് വൃക്ഷതൈകൾ നടുന്നത് നാട്ടിലെ ആചാരമാണിപ്പോൾ. സോഷ്യൽ ഫോറസ്ട്രി, വനം വകുപ്പ്, സന്നദ്ധ സംഘടനങ്ങൾ, സ്കൂളുകൾ തുടങ്ങിയവ ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈനടീൽ ഉത്സവമാക്കാറുണ്ട്. എന്നാൽ ഈ തൈകൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് ആരും അന്വേഷിക്കാറില്ല. ഇതുവരെ നട്ട വൃക്ഷതൈകൾ വളർന്നു പന്തലിച്ചിരുന്നുവെങ്കിൽ നാടും നഗരവും സസ്യശ്യാമളമായി തീരേണ്ടതായിരുന്നു. പക്ഷേ,സംഭവിക്കുന്നത് മറ്റൊന്നാണ്. കഴിഞ്ഞ വർഷം തൈ നട്ട അതേ സ്ഥലത്ത് അടുത്തവർഷം പുതിയത് നടുന്നു. ഇത് ആവർത്തിക്കുന്നതോടെ ഖജനാവിലെ ലക്ഷങ്ങളും ചോരുന്നു. നടുന്ന തൈകൾക്ക് വെള്ളം,വളം എന്നിവ നൽകുന്നതുൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ നടത്താത്തത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെക്കൊണ്ടാണ് ഗ്രാമപഞ്ചായത്തുകൾ വൃക്ഷതൈകൾ നടുന്നത്. എട്ടടി പോലും വീതിയില്ലാത്ത ഗ്രാമീണ റോഡുകൾക്കരികിലും ഇലക്ട്രിക് ലൈനുകൾക്ക് ചുവട്ടിലും വൃക്ഷതൈകൾ നട്ടിട്ടുണ്ട്. തൈകൾ വളർന്നു വരുന്നതോടെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ലൈനുകളിൽ മരക്കൊമ്പ് തട്ടി അപകടത്തിന് കാരണമാകുകയും ചെയ്യും. ഗ്രാമീണ റോഡുകളുടെ വികസനം വരുമ്പോൾ ഇവ വെട്ടിമാറ്റേണ്ടിയും വരും. വെട്ടിമാറ്റുന്നതിന് ഫോറസ്റ്റ്, വില്ലേജ്, റവന്യു വകുപ്പുകളുടെ നിയമക്കുരുക്ക് വന്നാൽ റോഡ് വികസനവും തടസപ്പെടും.