മിലാൻ : കഴിഞ്ഞ രാത്രി നടന്ന യൂറോപ്യൻ നേഷൻസ് ലീഗ് മത്സരത്തിൽ ഇറ്റലിയെ ഗോൾ രഹിത സമനിലയിൽ തളച്ച് യൂറോകപ്പ് ജേതാക്കളായ പോർച്ചുഗൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി.
സെമിയിലെത്താൻ വൻവിജയം അനിവാര്യമായിരുന്ന ഇറ്റലിയുടെ പ്രതീക്ഷകളെ അട്ടിമറിച്ചാണ് പോർച്ചുഗൽ മുന്നേറിയത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ ഗ്രൂപ്പിൽ ഒരു മത്സരം അവശേഷിക്കേയാണ് അവസാന നാലിലേക്ക് എത്തിയത്.
സ്വന്തം കാണികൾക്ക് മുന്നിൽ മികവ് പുറത്തെടുക്കാനാവാതെ പോയതാണ് റോബർട്ടോ മാൻ സിനി പരിശീലിപ്പിക്കുന്ന ഇറ്റലിക്ക് തിരിച്ചടിയായത്. ഇതോടെ യൂറോപ്യൻ നേഷൻസ് ലീഗിൽ ഇറ്റലി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി.
കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന ടീമാണ് ഇറ്റലി. അന്ന് അവസാന യോഗ്യതാറൗണ്ട് മത്സരത്തിൽ സ്വീഡനെതിരെ സമനിലയിൽ പിരിഞ്ഞതാണ് ഇറ്റലിക്ക് പുറത്തേക്കുള്ളവാതിൽ തുറന്നത്.
തിരിച്ചടിച്ച് ജയിച്ച് ഇംഗ്ളണ്ട്
ബംബ്ളി : യൂറോപ്യൻ നേഷൻസ് ലീഗ് ഫുട്ബാൾ ഫസ്റ്റ് ഡിവിഷൻ ഗ്രൂപ്പ് റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലോകകപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ 2-1ന് കീഴടക്കി ഇംഗ്ളണ്ട്
കഴിഞ്ഞദിവസം സ്‌പെയ്നെ കീഴടക്കിയിരുന്ന ക്രൊയേഷ്യ ഇന്നലെ ഇംഗ്ണ്ടുമായി ആദ്യ പകുതിയിൽ സമനിലയിൽ പിരിയുകയായിരുന്നു 57-ാം മിനിട്ടിൽ ആന്ദ്രേ ക്രമാരിച്ചിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. 78-ാം മിനിട്ടിൽ ജെസി ലിൻഗാർഡും 85-ാം മിനിട്ടിൽ ഹാരികേനും ഇംഗ്ളണ്ടിനുവേണ്ടി ഗോളുകൾ നേടി.