തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടൽ ആക്രമിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ കൈകൾ തല്ലിയൊടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കഴക്കൂട്ടം സ്വദേശികളായ അമ്പിളി,​ അരുൺ,​ സഞ്ജു,​ അനന്തു എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം ബി സിക്സ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരായ നവകുമാർ (34), ഭഗവാൻ (40) എന്നിവരെ ആക്രമിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ ഇവരിലൊരാൾ ഹോട്ടലിന് മുന്നിൽ മൂത്രമൊഴിക്കാൻ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. മദ്യലഹരിയിലായിരുന്ന ഇവർ ഇരുമ്പ് പൈപ്പുപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരായ നവകുമാറിന്റെയും ഭഗവാന്റെയും കൈകൾ തല്ലിയൊടിക്കുകയായിരുന്നു. ഹോട്ടലിനും നാശനഷ്ടങ്ങൾ വരുത്തി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും കടന്നുകളഞ്ഞ ഇവരെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്നലെയാണ് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.