കോട്ടയം: മദ്യലഹരിയിൽ എ.എസ്.ഐയെ പിടിച്ചു തള്ളിയ യുവാവിനെ പൊലീസ് പിടികൂടി. നിരവധിക്കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി കാരാപ്പുഴയിൽ വാടകയ്‌ക്ക് താമസിക്കുന്ന ഷംനാസിനെയാണ് (34) വെസ്റ്റ് എസ്.ഐ എം.ജെ അരുൺ പിടികൂടിയത്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോഡ്രൈവർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വാക്കേറ്റം കയ്യേറ്റത്തിലേയ്‌ക്ക് കടന്നതോടെ കൺട്രോൾറൂമിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. സംഘർഷ സ്ഥലത്ത് എത്തിയ എ.എസ്.ഐയെ ഷംനാസ് പിടിച്ചു തള്ളി. ഇതോടെ പൊലീസുകാർ ചേർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.