sabarimala-protest

ശബരിമല: സന്നിധാനത്ത് പൊലീസ് നടപടി ശക്തമാക്കിയതോടെ 1,50,000 പേരെ ഒരുമിച്ച് സന്നിധാനത്ത് എത്തിച്ച് പൊലീസ് നിയന്ത്രണം ലംഘിക്കാൻ സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നതായി സൂചന. ഓരോ ജില്ലകളിൽ നിന്നും ഇതിനായി പതിനായിരത്തിലേറെ പേരെ വീതമാണ് സജ്ജമാക്കുന്നത്. വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഇവരെയും സന്നിധാനത്ത് എത്തിക്കാനാണ് നീക്കം.

ശബരമലയിൽ സംഘടിക്കരുതെന്നും നാമജപയജ്ഞം നടത്തരുതെന്നുമുള്ള പൊലീസ് നിർദ്ദേശത്തിൽ പ്രതിഷേധിച്ചാണ് സംഘപരിവാർ നടപടി. നിർദ്ദേശം ലഭിച്ചാൽ ദക്ഷിണേന്ത്യയിൽ നിന്ന് ഉൾപ്പെടെ സംഘപരിവാർ പ്രവർത്തകർ കൂട്ടത്തോടെ സന്നിധാനത്തേക്ക് എത്താൻ തയ്യാറായിട്ടുണ്ട്. സന്നിധാനത്ത് തുടരുന്ന സംഘർ‌ഷാവസ്ഥ തമിഴ്നാട്, കർണാകട തുടങ്ങിയ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കുള്ളിൽ ഭീതി വിതച്ചിട്ടുണ്ട്.

ശബരിമലയിലെ നടപടികളെപ്പറ്റി തദ്ദേശവാസികൾ വികാരപരമായാണ് ഇവരോട് അന്വേഷിക്കുന്നത്. അന്യസംസ്ഥാന ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള പൊലീസ് നടപടി നേരിടേണ്ടി വന്നാൽ അത് തങ്ങളെ ബാധിക്കുമെന്നാണ് ഇവർ ഭയപ്പെടുന്നത്. പൊലീസ് നടപടി ശക്തമാക്കിയതോടെ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ.