amit-sha

ശബരിമല: യുവതീ പ്രവേശനത്തിനും ശബരിമലയിൽ ഭക്തന്മാർക്കെതിരായ നിയന്ത്രണങ്ങൾക്കും എതിരെ ബി.ജെ.പിയും സംഘപരിവാർ സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നതിനിടയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ശബരിമല സന്ദർശിക്കാനൊരുങ്ങുന്നു. ശബരിമലയിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിലെ നേതാക്കളെ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയിൽ സമയം കണ്ടെത്തിയാണ് അമിത് ഷാ ശബരിമലയിലെത്തുക. ഈ മണ്ഡല കാലത്തിനുള്ളിൽ തന്നെ അമിത് ഷാ ശബരിമലയിലെത്തുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

സന്നിധാനത്തേക്ക് തിരിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല എന്നിവരെ തടയുകയും അറസ്റ്ര് ചെയ്യുകയും ചെയ്തതോടെ സർക്കാരിനെതിരെ വ‌ർദ്ധിത വീര്യത്തോടെ സമര രംഗത്താണ് സംഘപരിവാർ പരിവാർ സംഘടനകൾ. കേന്ദ്രമന്ത്രിമാരെയും എം.പി മാരെയും സന്നിധാനത്തെത്തിച്ച് സർക്കാരിന്റെ അടിച്ചമർത്തലിനെ പരസ്യമായി വെല്ലുവിളിക്കാനും നേരിടാനുമാണ് പരിവാർ നീക്കം.

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശബരിമലയിലെത്തിക്കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും സന്നിധാനത്തെത്തുന്നുണ്ട്. രാജ്യാസഭാംഗം വി.മുരളീധരൻ, ലോക്സഭാംഗം നളിൻകുമാർ കട്ടീൽ എന്നിവരും അടുത്ത ദിവസങ്ങളിൽ സന്നിധാനത്തിലെത്തും.സന്നിധാനത്ത് നാമജപം നടത്തിയ ഭക്തരെ തടഞ്ഞതും അറസ്റ്ര് ചെയ്തതും ഭക്തന്മാരോടുള്ള വെല്ലുവിളിയായാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. സന്നിധാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതിലും പ്രതിഷേധമുണ്ട്. സന്നിധാനത്ത് വച്ച്ഭക്തരെ പിടികൂടുകയും ബി.ജെ.പി നേതാക്കളെ അറസ്റ്ര് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യുമ്പോൾ അതിനെതിരായ പ്രതിഷേധത്തിനായി അർദ്ധരാത്രി പോലും വൻജനപങ്കാളിത്തം ഉണ്ടാവുന്നത് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.