നേമം: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ പ്രതീക്ഷയ്ക്ക് വളമേകി വെള്ളായണി-പുഞ്ചക്കരി ബണ്ട് റോഡ് നിർമ്മാണത്തിന് സാമഗ്രികൾ എത്തി തുടങ്ങിയെങ്കിലും അപ്രതീക്ഷിത മഴ വില്ലനായി. കാലാവസ്ഥ 'തനിനിറം' പുറത്തെടുത്തതോടെ റോഡ് നിർമ്മാണം തടസപ്പെട്ടു. പുഞ്ചക്കരി മുതൽ കിരീടം പാലത്തിന് സമീപം ശിവോദയം വരെയുള്ള 1200 മീറ്റർ നീളമുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളാണ് മഴ കാരണം നിറുത്തിവച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി പാറ ഇറക്കി. എന്നാൽ ജെ.സി.ബി ഉപയോഗിച്ച് ബണ്ടിന്റെ വശങ്ങളിലെ മണ്ണ് മാറ്റാൻ ആരംഭിച്ചതോടെ മഴ തുടങ്ങി. മാറ്റിയ മണ്ണ് ഇടിഞ്ഞതോടെ നിർമ്മാണം നിറുത്തിവച്ചു.
പ്രതികൂല കാലാവസ്ഥ കാരണം 6 മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച റോഡിന്റെ നിർമ്മാണം വൈകാൻ സാദ്ധ്യതയുണ്ട്.
- സുരേഷ് , ചെറുകിട ജലസേചന വകുപ്പ് അസി. എൻജിനിയർ
റോഡ് കൊണ്ടുള്ള ഗുണങ്ങൾ
പുഞ്ചക്കരി, തിരുവല്ലം പ്രദേശവാസികൾക്ക് വെള്ളായണിയിലെത്തുന്നതിന് ബണ്ട് റോഡ് പൂർത്തിയാവുന്നതോടെ 5 കിലോമീറ്ററോളം ദൂരം ലാഭിക്കാം. കൂടാതെ പണ്ടാരക്കരി, നിലമക്കരി, കാഞ്ഞിരത്തടി, മാങ്കിളിക്കരി പാടശേഖരങ്ങളിലെ കൃഷി മേഖലയുടെ വളർച്ചയ്ക്കും ഗുണപ്പെടും.
കടമ്പകൾ കടന്ന് പ്രവർത്തനാനുമതി
റോഡ് നിർമ്മാണത്തിന് നിരവധി കടമ്പകൾ കടന്നാണ് അനുമതി ലഭിച്ചത്. എന്നാൽ ബണ്ടിന്റെ ചുമതലക്കാരെ കണ്ടെത്താനുള്ള കാലതാമസമാണ് നിർമ്മാണം ആരംഭിക്കാൻ വൈകിയതിന് കാരണം. ബണ്ടിന്റെയും പമ്പ് ഹൗസുകളുടെയും ചുമതല ചെറുകിട ജലസേചന വകുപ്പിന് ആണെങ്കിലും വകുപ്പിന്റെ ആസ്തി രജിസ്റ്ററിൽ ബണ്ട് റോഡ് പൂർണമായി ഉൾപ്പെട്ടിട്ടില്ല. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി വാർഡിന്റെയും കോർപറേഷന്റെ മേലാംകോട് വാർഡിന്റെയും സ്ഥലം അളന്നു തിട്ടപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ രജിസ്റ്ററിൽ ഉൾപ്പെടുത്താനാണ് കാലതാമസം ഉണ്ടായത്. കരമനയാറിനെയും വെള്ളായണി കായലിനെയും യോജിപ്പിക്കുന്ന കന്നുകാലി കനാൽ റോഡിന്റെ ഒരു വശത്തും, മറുവശത്ത് പാടങ്ങളും സ്ഥിതി ചെയ്യുന്നതാണ് റോഡിന്റെ ആകർഷണം.