തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട മന്ത്രി ആരുടെയെങ്കിലും അമ്മ മരിച്ചോ മാസം തികഞ്ഞോ എന്നൊക്കെ അന്വേഷിച്ചു നടക്കുകയാണെന്ന് ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. ബി.ജെ.പി കൗൺസിലർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കോർപറേഷൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം മന്ത്രിയും പൂർണമായും പരാജയപ്പെട്ടു. ശബരിമലയിലെ സ്ഥിതി പരിതാപകരമാണ്. കുടിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വെള്ളമില്ലാതെ ഭക്തർ വലയുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിൽ പോയി സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ മന്ത്രി തയ്യാറായിട്ടില്ല. പൊലീസിനെ വിന്യസിച്ച് ഭക്തരെ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ അനുവദിക്കുന്നില്ല. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ശരണം വിളിച്ച ഭക്തരെ സന്നിധാനത്ത് അറസ്റ്ര് ചെയ്തത്. ഭക്തർക്കായി ആയിരത്തിലേറെ ശുചിമുറികൾ ഉണ്ടാക്കിയെന്ന് സർക്കാർ പറയുന്നു. എന്നാൽ അതിൽ പകുതിയിൽ കൂടുതലും പൊലീസുകാർ കൈയടക്കിയിരിക്കുകയാണ്. വിശ്രമിക്കാനോ വിരിവയ്ക്കാനോ ഭക്തർക്ക് അനുവാദമില്ലെന്നും രാജഗോപാൽ പറഞ്ഞു.