തിരുവനന്തപുരം: പങ്കളിത്ത പെൻഷൻ പുനഃപരിശോധന കൂടുതൽ സങ്കീർണമാക്കാനുള്ള നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് സി. ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
ജീവനക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന വിഹിതത്തിന് തുല്യമായ തുക സർക്കാർ പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കണമെന്ന് വ്യവസ്ഥയിൽ 2018 മാർച്ച് 31 വരെ 864.96 കോടി രൂപ ആക്സിസ് ബാങ്കിൽ നിക്ഷേപിച്ചതായി ധനമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി നടത്തിപ്പ് ട്രഷറി മുഖേനയായിരിക്കുമെന്ന വാഗ്‌ദാനവും നടപ്പായില്ല. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ ആവശ്യപ്രകാരം പദ്ധതി പുനഃപരിശോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനവും സങ്കീർണാവസ്ഥയിലാണ്. പ്രശ്നം നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സർക്കാർ പരിശോധനാസമിതിയെ വച്ചിരുന്നു. എന്നാൽ പരിശോധനയ്‌ക്ക് മുമ്പ് കേന്ദ്രാനുമതി തേടണമെന്ന് സമിതി വ്യവസ്ഥ വച്ചത് നിർഭാഗ്യകരമായി. ജീവനക്കാരുമായി ആലോചിച്ച് പദ്ധതി പുനഃപരിശോധിക്കണമെന്നും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സി. ദിവാകരൻ ആവശ്യപ്പെട്ടു.