raje
സന്നിധാനത്ത് അറസ്റ്റിലായ രാജേഷ്, ചിത്തിര ആട്ടവിശേഷത്തിന് എത്തിയപ്പോളുള്ള ചിത്രം

തിരുവനന്തപുരം: കമാൻഡോകളെ വരെ അണിനിരത്തിയും മുക്കിലും മൂലയിലും കാമറകൾ സ്ഥാപിച്ചും പൊലീസ് ഒരുക്കിയ സുരക്ഷ ശബരിമലയിൽ ദയനീയമായി പരാജയപ്പെട്ടു. സന്നിധാനത്ത് ഞായറാഴ്ച രാത്രി കുത്തിയിരുന്ന് പ്രതിഷേധിച്ചവരിൽ ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നമുണ്ടാക്കിയ 15 പേരും ഉൾപ്പെടുന്നു. അന്ന് പ്രായം അമ്പത് കഴിഞ്ഞില്ലെന്നു പറഞ്ഞ് വീട്ടമ്മയെ തടഞ്ഞ സംഘത്തിന്റെ തലവൻ ആർ.എസ്.എസ് ജില്ലാ കാര്യവാഹക് രാജേഷായിരുന്നു ഇന്നലെയും പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. പക്ഷേ, ഇതൊന്നും പൊലീസ് അറിഞ്ഞില്ല.

പ്രതിഷേധക്കാരെ അനുനയത്തിൽ പമ്പയിലെത്തിച്ച് അറസ്റ്റിനുള്ള സാഹചര്യം പൊലീസ് കൈവിട്ടതോടെ ചരിത്രത്തിലാദ്യമായി സന്നിധാനത്ത് അറസ്റ്റെന്ന പേരുദോഷവും കേൾക്കേണ്ടി വന്നു. യുവതികൾ ദർശനത്തിനെത്താൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സ്കീം വീണ്ടും മാറ്റാനാണ് ശ്രമം.

നൂറോളം പ്രതിഷേധക്കാർ അന്യസംസ്ഥാന ഭക്തന്മാരെ ഒപ്പം ചേർത്ത് നടപ്പന്തലിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ പൊലീസ് ശരിക്കും ഞെട്ടി. പ്രതിഷേധക്കാരുടെ നേതാവിനെ കണ്ടെത്താനോ അനുനയ ചർച്ച നടത്താനോ കഴിയാതെ കുഴങ്ങി. ളാഹ മുതൽ നിയന്ത്രണമേർപ്പെടുത്തിയിട്ടും നാല് ചെക്ക്പോസ്റ്റുകൾ കടന്ന് കർമ്മസമിതി നേതാക്കളടക്കം സന്നിധാനത്തെത്തി തമ്പടിച്ചു. ഫേസ്‌ ഡിറ്റക്‌ഷൻ കാമറകളിൽ ഇവർ പതിഞ്ഞില്ല. ദർശന ശേഷം, അന്നദാന മണ്ഡപത്തിനടുത്ത് ഇവർ കൂട്ടംകൂടിയതും പൊലീസ് ശ്രദ്ധിച്ചില്ല.

ഇരുനൂറോളം പേർ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപം തുടങ്ങിയപ്പോൾ സന്നിധാനത്തെ സുരക്ഷാചുമതലയുള്ള എസ്.പി പ്രതീഷ്‌കുമാർ അമ്പരന്നു. ഡി.ജി.പിയെ അറിയിച്ച ശേഷം സേനയെ വിന്യസിച്ചപ്പോഴേക്കും നടപ്പന്തൽ പ്രതിഷേധക്കാരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകി മാദ്ധ്യമങ്ങളോട് സംസാരിച്ചത് രാജേഷാണെന്ന് തിരിച്ചറിയാനും ഏറെ വൈകി.

ഹരിവരാസനം കഴിഞ്ഞാലുടൻ പിരിഞ്ഞു പോകാമെന്ന വാക്ക് വിശ്വസിച്ച് കാത്തുനിന്ന പൊലീസിനെ കബളിപ്പിച്ച് പ്രതിഷേധക്കാർ സന്നിധാനത്തേക്ക് കയറി. രാജേഷിനെ അറസ്റ്റുചെയ്യാനുള്ള ശ്രമം പ്രതിഷേധക്കാർ ചെറുത്തതോടെ പൊലീസ് വിയർത്തു. എസ്‌.പി പ്രതീഷ് ഡി.ജി.പിയെ ഫോൺവിളിച്ച് അറസ്റ്റിന് അനുമതി നേടി. വെളുപ്പിന് നെയ്യഭിഷേകം നടത്തിയേ ഇറങ്ങൂവെന്ന് പ്രതിഷേധക്കാർ നിർബന്ധം പിടിച്ചു. രണ്ടര മണിക്കൂറിലേറെ നീണ്ട ആശയക്കുഴപ്പത്തിനൊടുവിലാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് നടന്നത്.

ഇവരെ നാലര കിലോമീറ്റർ നടത്തിച്ച് പമ്പയിലെത്തിക്കാനും പാടുപെട്ടു. ഇതിനിടെ ഭാഗ്യം കൊണ്ടാണ് മറ്റു പ്രതിഷേധങ്ങൾ ഒഴിവായത്. അടിയന്തര സാഹചര്യമുണ്ടായിട്ടും ജൂനിയർ ഐ.പി.എസുകാരനായ പ്രതീഷിന്റെ സഹായത്തിന് ഉന്നത ഉദ്യോഗസ്ഥർ ആരുമെത്തിയില്ലെന്നതും വീഴ്ചയായി.

''ഇത്രയും നിയന്ത്രണങ്ങൾ മണ്ഡല കാലത്ത് പ്രായോഗികമല്ല. ഭക്തർക്ക് ദുഷ്‌കരമാവും''

- കെ.എസ്. ബാലസുബ്രഹ്മണ്യൻ, മുൻ ഡി.ജി.പി