വ്യവസായ പ്രമുഖനും മുൻ എസ്. എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാനും വലിയൊരു സുഹൃദ് വലയത്തിനുടമയുമായിരുന്ന ജി. രമേശൻ കോൺട്രാക്ടർ ഒാർമ്മയായിട്ട് ഇന്ന് നാലുവർഷം തികയുന്നു. കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, ക്ഷമ, ഉചിതമായി പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഏത് കാര്യത്തിനും വ്യക്തമായ നിലപാടുകൾ കൈക്കൊണ്ട അദ്ദേഹത്തിന് നിരവധി ജീവിത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഷ്ടപ്പാടുകൾ മൂലധനമായും ആപത്തിൽ സഹായിച്ചവരെ വഴികാട്ടികളായും കരുതിപ്പോന്ന കർമ്മശ്രേഷ്ഠമായ ആ ജീവിതം തികച്ചും ധന്യമായിരുന്നു.
വ്യവസായം അദ്ദേഹത്തിന്റെ ജീവശ്വാസമായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന പണം കൊണ്ടുമാത്രം സംതൃപ്തി നേടിയെടുക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനങ്ങളെ പൂർണമായും ഉൾക്കൊണ്ടു. എസ്. എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കോളേജിനുണ്ടായ നേട്ടങ്ങൾ പ്രശംസയ്ക്ക് പാത്രമായി.
കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ പുരാതനമായ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ആനയറ കാട്ടിൽ വീട്ടിൽ ദേവകിയായിരുന്നു മാതാവ്. ഗോവിന്ദന്റെ പിതാവ് വേലായുധൻ പേരെടുത്തൊരു ഗവൺമെന്റ് കോൺട്രാക്ടർ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ജഗതി വെർണാക്കുലർ (ഇന്നത്തെ ജഗതി യു.പി.എസ്) സ്കൂളിൽ നിന്നായിരുന്നു. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു പിൽക്കാലത്ത് സ്വപ്രയത്നം കൊണ്ട് ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിച്ചു. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി-രാമകൃഷ്ണൻ ദമ്പതികളുടെ ഏകമകൾ ഇന്ദിരാദേവിയാണ് ജി. രമേശൻ കോൺട്രാക്ടറുടെ പത്നി. ഇൗ ദമ്പതികൾക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരുമാണുള്ളത്.
വൻകിട പ്രോജക്ടുകൾ യഥാസമയത്ത് ചെയ്തുതീർത്തതിന് സ്വർണപ്പതക്കമുൾപ്പെടെ സർക്കാരിൽനിന്ന് പലവിധ പാരിതോഷികങ്ങളും നേടി. ഒരുകാലത്ത് അധഃസ്ഥിത വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് ശ്രീ പത്മനാഭന്റെ തിരുസന്നിധിയിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിൽനിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിലാണ് അദ്ദേഹത്തിന്റെ വിപുലമായ സ്ഥാപനങ്ങളുടെ എല്ലാം ആസ്ഥാനം.
വ്യാവസായിക-കരാർ മേഖലയിൽ നിന്നു സമ്പാദിച്ച പണം മുഴുവനും പരോക്ഷമായി അനന്തപുരിയുടെ വികസനത്തിനാണ് ജി. രമേശൻ കോൺട്രാക്ടർ വിനിയോഗിച്ചത്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരുത്തിയ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തെ പൊതുവേ രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നാണ് അറിയപ്പെടുന്നത്.
തലസ്ഥാനനഗരിയുടെയും പ്രാന്തപ്രദേശത്തിന്റെയും മുഖച്ഛായ മാറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇപ്പോൾ രാജധാനി ഗ്രൂപ്പിനുള്ളത് . രമേശൻ കോൺട്രാക്ടറുടെ ഇളയ മകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും കേരള രാഷ്ട്രീയത്തിലെ അഴിമതികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഡോ.ബിജുരമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.