ശബരിമലയിൽ മണ്ഡലകാലം തുടങ്ങി മൂന്നുദിവസം പിന്നിട്ടപ്പോൾ തന്നെ മുൻപൊരിക്കലും കാണാത്തതും കേൾക്കാത്തതുമായ സംഭവപരമ്പരകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സുരക്ഷയുടെ പേരിലുള്ള പൊലീസിന്റെ അതിരു കടന്ന നടപടികൾക്കെതിരെ ഇന്നലെ ഹൈക്കോടതിയിൽ നിന്നുപോലും രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ശബരിമലയിലേക്ക് പോകുന്ന ഭക്തന്മാരെ തടഞ്ഞുവയ്ക്കാനും പലതരത്തിൽ ബുദ്ധിമുട്ടിക്കാനും പൊലീസിന് എന്തധികാരം എന്നാണ് കോടതി ചോദിച്ചത്. സാധാരണ ജനങ്ങളും രണ്ടുമൂന്നു ദിവസമായി സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന വലിയ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരും ദേവസ്വം ബോർഡും ബാദ്ധ്യസ്ഥമാണ്. പൊലീസ് സേനയുടെ മുന്നിലൊരു ഭാഗത്തെ ശബരിമലയിലേക്ക് നിയോഗിച്ച് സുരക്ഷ ഒരുക്കാൻ ശ്രമിച്ചിട്ടും അവിടെ എത്തിക്കൊണ്ടിരിക്കുന്ന ഭക്തജനങ്ങൾ ആശങ്കയുടെയും ഭീതിയുടെയും അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധസമാനമായ സന്നാഹങ്ങളാണ് ശബരിമലയിൽ ഭക്തരെ കാത്തിരിക്കുന്നതെന്നുവന്നാൽ എത്ര ദൗർഭാഗ്യകരമാണത്.
ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും വിധിയുടെ അടിസ്ഥാനത്തിൽ യുവതികളാരും അങ്ങോട്ട് എത്തിനോക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല. ബാഹ്യപ്രേരണയാൽ ചിലർ അതിനു ശ്രമിച്ച് പരാജയപ്പെട്ട് പിൻവാങ്ങേണ്ടി വന്നു. മലകയറാൻ തയ്യാറായി മുന്നോട്ടുവന്ന ഏതാനും യുവതികൾക്ക് തുലാമാസപൂജക്കാലത്ത് പൊലീസ് സർവ്വ സംരക്ഷണവും നൽകിയിട്ടും അവർക്ക് ലക്ഷ്യപ്രാപ്തി നേടാനാവാതെ പോയത് കടുത്ത പ്രതിഷേധം ഉയർന്നതിനാലാണ്. മണ്ഡലകാലം തുടങ്ങിയപ്പോൾ യുവതികളുടെ സാന്നിദ്ധ്യമല്ല, മറിച്ച് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന കർക്കശ നിയന്ത്രണങ്ങളാണ് ശബരിമലയെ പ്രക്ഷുബ്ധമാക്കി കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടുന്ന തീർത്ഥാടന കേന്ദ്രത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസിന് അമിതാധികാരങ്ങൾ നൽകിയത് തന്നെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയാണ്. ഇക്കഴിഞ്ഞ മൂന്നുദിവസം സന്നിധാനത്തും അങ്ങോട്ടുള്ള വഴിയിലും അരങ്ങേറിയ അനിഷ്ടസംഭവങ്ങൾക്ക് കാരണം സുരക്ഷയുടെ പേരിൽ പൊലീസ് കൈക്കൊണ്ട സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സമീപനമായിരുന്നു. കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടാനും ജയിലിലടയ്ക്കാനും പൊലീസിനുള്ള അധികാരത്തെ ചോദ്യം ചെയ്യാനാവില്ല. അതേ സമയം ദർശനത്തിന് പോകുന്നവരെ വഴിയിൽ തടഞ്ഞുനിറുത്തുന്നതും ഒരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യുന്നതും നിയമങ്ങൾക്കും പൊതുമര്യാദയ്ക്കും നിരക്കാത്തതാണ്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികൾ സംസ്ഥാനത്ത് സൃഷ്ടിക്കാനിടയുള്ള സംഘർഷങ്ങളെകുറിച്ചുകൂടി ഉത്തരവാദപ്പെട്ടവർ ആലോചിക്കേണ്ടതാണ്.
ശബരിമലയിൽ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്ന് പൊലീസ് സംശയിക്കുന്ന സംഘടനാനേതാക്കളെ കരുതൽ തടങ്കലിലാക്കണമെന്നുണ്ടെങ്കിൽ അതിനുള്ള വേദി സന്നിധാനമാകരുത്. പ്രതിഷേധക്കാരെ നേരിടാനായി ഇപ്പോൾ അവിടെ ഏർപ്പെടുത്തിയിട്ടുള്ള ഒട്ടുമിക്ക നിയന്ത്രണങ്ങളും യഥാർത്ഥത്തിൽ വലയ്ക്കുന്നത് ഭക്തജനങ്ങളെയാണ്. ദൂരദേശങ്ങളിൽ നിന്നു കുഞ്ഞുകുട്ടികളുമായി തൊഴാൻ എത്തുന്ന ഭക്തന്മാരോടുള്ള പൊലീസിന്റെ മയമില്ലാത്ത പെരുമാറ്റം ശബരിമല ക്ഷേത്രത്തിന്റെ പാരമ്പര്യത്തിനും കഴിഞ്ഞവർഷം വരെ നിലനിന്ന ഭക്തിമയമായ അന്തരീക്ഷത്തിനും യോജിച്ചതല്ല. ഞായറാഴ്ച രാത്രി നടന്ന കൂട്ട അറസ്റ്റാകട്ടെ അവിടുത്തെ പവിത്രാന്തരീക്ഷത്തിനു മേൽവീണ മാച്ചാലും മായാത്ത കരിനിഴലുമായി. സന്നിധാനം സംഘർഷഭൂമിയാക്കി മാറ്റാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നിർദ്ദാക്ഷണ്യം എതിർക്കപ്പെടേണ്ടതു തന്നെയാണ്. യാതൊരു പ്രകോപനവുമില്ലാതെ ഭക്തന്മാരുടെ മെക്കിട്ടുകയറാൻ ഒരുങ്ങുന്ന പൊലീസിന്റെ പുതിയ രീതികളോടും ഒട്ടുംതന്നെ യോജിക്കാനാകില്ല. ഭക്തന്മാർക്ക് സമാധാനപൂർണമായ ദർശനം ഒരുക്കുകയെന്നതാണ് സർക്കാരിന്റെ ദൗത്യമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവർത്തിച്ചു പറയുന്നുണ്ട്. സംഘർഷം ഭയന്ന് ഭക്തർ പ്രായേണ അകന്നു നിൽക്കുന്നതിനാൽ സന്നിധാനത്ത് എത്തുന്നവർക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് ദർശനഭാഗ്യം ലഭിക്കുന്നുണ്ടെന്നുള്ളത് നല്ലകാര്യം തന്നെ.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഞായറാഴ്ച തലസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മറ്റു മന്ത്രിമാരും സംബന്ധിച്ചില്ല. ഡി.ജി.പിയും ദേവസ്വം അധികൃതരും മാത്രമാണ് പങ്കെടുത്തത്. എന്താണ് ഇതിന്റെയൊക്കെ അർത്ഥം? ശബരിമലയിലെ കാര്യങ്ങൾ ഡി.ജി.പിയും അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് സേനയും മാത്രം ചേർന്നു തീരുമാനിച്ചാൽ മതിയെന്നാണോ സർക്കാർ കരുതുന്നത്. എങ്കിൽ ആ ധാരണ തീർച്ചയായും തിരുത്തുക തന്നെ വേണം.
സുരക്ഷയുടെ പേരിൽ ശബരിമലയിലും പമ്പയിലും നിലയ്ക്കലും കാട്ടിക്കൂട്ടുന്ന പലതും ദഹിക്കാൻ വിഷമമുള്ള കാര്യങ്ങളാണ്. ശബരിമലയിൽ ഭക്തജനങ്ങൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയകാലം തൊട്ടേ നടപ്പന്തലിലും ചുറ്റുമുള്ള സ്ഥലങ്ങളിലും അയ്യന്മാർ വിരിവച്ചു തമ്പടിക്കാറുള്ളതാണ്. ഇപ്പോൾ രാത്രിയായാൽ ആരും അവിടെ തങ്ങാൻ പാടില്ലെന്നും കൂട്ടംകൂടിയിരിക്കാൻ പാടില്ലെന്നുമുള്ള നിർദ്ദേശങ്ങൾ ആരുടെ ഉത്തരവിൻ പ്രകാരമാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഭക്തർ നടപ്പന്തലിലും മറ്റും വിശ്രമിക്കുന്നതു തടയാൻ അവിടെയാകെ വെള്ളമൊഴിച്ച് നനയ്ക്കുകയാണ്. ശുചിമുറിയിൽ വെള്ളമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ഗ്രാനൈറ്റ് പാകിയ നടപ്പാതയിലെ ഈ ജലധാരയെന്ന് ഓർക്കണം. തീർത്ഥാടന കേന്ദ്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കാനും അവർക്കുവേണ്ട സഹായം നൽകാനും പരിചയവും സ്വഭാവഗുണവുമുള്ള പൊലീസുകാരെയാണ് നിയോഗിക്കേണ്ടത്. സമരരംഗത്ത് സംഘർഷം നേരിടാൻ മാത്രം അറിയാവുന്നവരെയാകരുത് ശബരിമല പോലുള്ള പുണ്യകേന്ദ്രങ്ങളിൽ നിയോഗിക്കേണ്ടത്. ജനസാഗരങ്ങൾ ഒത്തുകൂടുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ച് ഭക്തന്മാരെ നേരിടാൻ തോക്കും ലാത്തിയുമായി പൊലീസിനെ വിട്ടാൽ ഫലമെന്താകുമെന്ന് ശബരിമല കാണിച്ചുകൊണ്ടിരിക്കുകയാണ്.
ശബരിമലയിൽ യുവതികൾക്കും പ്രവേശനമാകാമെന്നേ സുപ്രീം കോടതി വിധിയിൽ നിർദ്ദേശമുള്ളൂ. അതിന്റെ പേരിൽ പുരുഷന്മാർക്കുപോലും പതിവില്ലാത്ത നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും ഏർപ്പെടുത്തുന്നതും അതിനെച്ചൊല്ലി ഒരു കൂട്ടർ സംഘർഷമുണ്ടാക്കുന്നതും ആത്യന്തികമായി സംസ്ഥാനത്തെ മുൾമുനയിൽ നിറുത്തുകയാണ്. ശബരിമലയിലെ ഇപ്പോഴത്തെ സംഘർഷം സംസ്ഥാനത്തിന് എത്രവലിയ നഷ്ടമാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും ഓർക്കണം.