തിരുവനന്തപുരം: ഖാലിസ്ഥാൻ തീവ്രവാദികൾ സുവർണക്ഷേത്രം കൈയടക്കാൻ ശ്രമിച്ചതുപോലുള്ള സമരതന്ത്രത്തിലൂടെ ശബരിമല പിടിച്ചെടുക്കാനാണ് ആർ.എസ്.എസ് നീക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 50000 വോളണ്ടിയർമാരെ ഇതിനായി റിക്രൂട്ട് ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷണകവചമാക്കി ശബരിമലയെ സംഘർഷഭൂമിയാക്കുകയാണ്. മണ്ഡലകാലത്ത് സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കാനുള്ള ആസൂത്രിതപ്രവർത്തനമാണ് നടത്തുന്നത്.
കലാപമുണ്ടാക്കാൻ ദിവസവും ഏതൊക്കെ മണ്ഡലത്തിൽ നിന്ന് ആളെത്തണമെന്ന് ബി. ജെ. പി ജനറൽസെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഒപ്പിട്ട സർക്കുലർ ഇറക്കിയിരിക്കുന്നു. വിശ്വാസത്തിന്റെ പേര് പറഞ്ഞുള്ള ഭീകരപ്രവർത്തനം മതനിരപേക്ഷതയും മതസൗഹാർദ്ദവും തകർക്കും. തീർത്ഥാടകർക്ക് നേരെയാണ് സംഘപരിവാറുകാരുടെ വെല്ലുവിളി.
ശബരിമലയിലേക്ക് സ്ത്രീകളെ അയക്കാൻ ഇടതുമുന്നണിയോ ജനാധിപത്യ മഹിളാ അസോസിയേഷനോ തീരുമാനിച്ചിട്ടില്ല. ക്രമസമാധാനത്തിന് നേതൃത്വം നൽകുന്ന പൊലീസുകാരുടെ വീടുകളിലേക്ക് പോയി സമരം നടത്തുന്നു. പൊലീസിനെ നിർജ്ജീവമാക്കി അക്രമമുണ്ടാക്കാനാണ് ശ്രമം.
ക്രമസമാധാനപ്രശ്നമുണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയാണ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചത്. ആ നിർദ്ദേശമാണ് നടപ്പാക്കുന്നത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വന്ന് ശൗചാലയം പരിശോധിച്ചത് നല്ലതാണ്. ബി.ജെ.പിക്കാർക്കൊപ്പം ചേരാതെ പ്രധാനമന്ത്രിയെക്കൊണ്ട് സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കിക്കാനാണ് കണ്ണന്താനം ശ്രമിക്കേണ്ടത്.
പൊലീസിന്റെ അമിത ഇടപെടലില്ല
ശബരിമലയിൽ പൊലീസിന്റെ അമിത ഇടപെടലുണ്ടായിട്ടില്ല. ദർശനത്തിന്റെ പേരിൽ കുഴപ്പമുണ്ടാക്കാനെത്തിയവരെയാണ് സന്നിധാനത്ത് അറസ്റ്റുചെയ്തത്. അക്രമത്തിന് നേതൃത്വം നൽകിയ രാജേഷ് മൂവാറ്റുപുഴയിലെ ആർ.എസ്.എസ് കാര്യവാഹകാണ്. അറസ്റ്റിന്റെ പേരിൽ ആർ.എസ്.എസിനുവേണ്ടി പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ല. കോൺഗ്രസിലെ ഒരുവിഭാഗം ഇപ്പോഴേ ആർ.എസ്.എസായിക്കഴിഞ്ഞു. ശബരിമലയിൽ ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയെ വിളിക്കേണ്ട സാഹചര്യമില്ല. ആവശ്യം വന്നാൽ ആരുടെ സഹായം തേടുന്നതിലും പ്രശ്നമില്ലെന്ന് കോടിയേരി വ്യക്തമാക്കി.