തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലമാക്കി കേരളത്തിൽ അയോദ്ധ്യ മോഡൽ കലാപം പടർത്താനുള്ള നീക്കത്തിൽ നിന്ന് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം പിന്തിരിയണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയിൽ എത്തിച്ച് കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പുറത്തായി. ജില്ലകളിൽ നിന്ന് പ്രവർത്തകരെ സംഘടിപ്പിച്ച് ശബരിമലയിൽ എത്തിക്കണമെന്ന സർക്കുലർ കലാപനീക്കത്തിന് തെളിവാണ്. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സർക്കുലറിറക്കിയത്. വിശ്വാസിസമൂഹം ഇത് അംഗീകരിക്കില്ല.
സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത് എല്ലാവർക്കും ബോധ്യമുള്ളതാണ്. വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ് ശ്രീധരൻ പിള്ളയുടെ മലക്കംമറിച്ചിൽ. സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തിൽ കലാപം അഴിച്ചുവിട്ട് സർക്കാരിനെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.