atl19na

ആറ്റിങ്ങൽ : ഹരിതനിയമാവലി പൂർണമായും പാലിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ മാതൃകാസ്കൂൾ എന്ന പേര് ഇനിമുതൽ തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിന് സ്വന്തം.സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിതകേരളമിഷൻ വൈസ് ചെയർ പേഴ്സൺ ഡോ.ടി.എൻ.സീമയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സീറോ വേസ്റ്റ് ,ഊർജ്ജ-ജല സംരക്ഷണം,ഗ്രീൻ കാമ്പസ്,ജൈവകൃഷി, മഷിപേനയുടെ ഉപയോഗം വ്യാപകമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിക്കഴിഞ്ഞു. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ ജൂൺ ആദ്യം മുതലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹരിതകേരള മിഷൻ,മംഗലപുരം ഗ്രാമപഞ്ചായത്ത് എന്നിവയുടെസഹായവും നിർദേശങ്ങളും സ്വീകരിച്ചാണ് പദ്ധതികളുടെ നടത്തിപ്പ് .

ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയ ക്ലാസ്സുകൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാധാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .യാസിർ ,ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ,വാർഡ് അംഗം ഉദയകുമാരി ,ഉമാതൃദീപ്,പള്ളിപ്പുറം ജയകുമാർ ,വി.രാജേന്ദ്രൻനായർ,പി.ടി.എ.പ്രസിഡന്റ് ജി.സജയകുമാർ ,പ്രിൻസിപ്പൽ ജയശ്രീ.എച്ച് ,ഹെഡ്മിസ്ട്രസ് എ.റസിയാബീവി,ഹരിതസേന കോഡിനേറ്റർ രേഖ പത്മഗോപാൽ എന്നിവർ സംസാരിച്ചു.