അലാറത്തിന്റെ ലൈൻ കട്ട് ചെയ്ത് മോഷണം മൊബൈലുകളും ഡമ്മി ആഭരണങ്ങളും കവർന്നു
വെള്ളറട: കുടപ്പനമൂട് മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഷട്ടർ കുത്തിതുറന്ന് കവർച്ച. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് അലാറത്തിന്റെ ലൈൻ കട്ട് ചെയ്തശേഷമാണ് കവർച്ച നടത്തിയത്. അലാറം കട്ട് ചെയ്തത് മുത്തൂറ്റിന്റെ ഹെഡ് ഓഫീസിലെ സെക്യൂരിറ്റി വിഭാഗത്തിന് സിഗ്നൽലഭിച്ചിരുന്നു. അവർ ഉടൻ വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. പൊലീസിനെ കണ്ടതോടെ മോഷ്ടാവ് പിറകുവശത്തെ ചതുപ്പുവഴി രക്ഷപ്പെട്ടു. രണ്ടു മൊബൈൽ ഫോണുകളും ഡമ്മി ആഭരണങ്ങളും കവർന്നു. സി. സി. ടി. വിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചും കയ്യിൽ ഗ്ളൗസും ധരിച്ചാണ് കവർച്ച നടത്തിയത്. ഇതുകാരണം വിരൽ അടയാളം ലഭിച്ചില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് കാരക്കോണത്തെ മുത്തൂറ്റ് ഫിൻകോർപ്പിൽ നടന്ന കവർച്ചയിലും ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല.