തിരുവനന്തപുരം: ശബരിമലയിലെ ക്രമീകരണങ്ങൾ തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് പൊലീസിന്റെ വാർത്താക്കുറിപ്പ്. പ്രാർത്ഥനയ്ക്കും നെയ്യഭിഷേകത്തിനും പൊലീസ് എല്ലാസഹായവും നൽകും. എല്ലാ ആചാരാനുഷ്‌ഠാനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ തുടരുന്നുണ്ട്. നെയ്യഭിഷേകത്തിന് കൂപ്പൺ എടുത്ത എല്ലാവർക്കും പുലർച്ചെ 3.15മുതൽ ഉച്ചയ്ക്ക് 12.30വരെ സൗകര്യം ലഭിക്കും. ഇവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കും. എല്ലാവർക്കും തുല്യഅവസരം ലഭിക്കണമെങ്കിൽ, ആരെയും കൂടുതൽ നേരം സന്നിധാനത്ത് തങ്ങാൻ അനുവദിക്കാനാവില്ല. നിരോധനാജ്ഞ ഏർപ്പെടുത്തിയത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ്, ഭക്തർ ആരാധന നടത്തുന്നത് തടയാനല്ല. മുൻപുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ പരിഗണിച്ചാണ് ജാഥ, പ്രകടനങ്ങൾ, ധർണ എന്നിവ വിലക്കിയത്.
നിലയ്ക്കലിലെ ബേസ് ക്യാമ്പിൽ പരമാവധി 6,000 പേരെയേ ഉൾക്കൊള്ളാനാവൂ. തീർത്ഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോൾ ഇത് അപര്യാപ്തമാണ്. തീർത്ഥാടകർ എത്രയും വേഗം ദർശനം പൂർത്തിയാക്കി നിലയ്ക്കലിൽ എത്തിയാലേ പുതിയതായി എത്തുന്നവർക്ക് സൗകര്യം ലഭിക്കൂ. ബുക്ക് ചെയ്തവർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാം. നടപ്പന്തൽ, സോപാനം, വടക്കേനട, ഫ്ലൈഓവർ, പതിനെട്ടാംപടിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ എന്നിവ അതിസുരക്ഷാമേഖലയാണ്.
ഭക്തരെ സ്വാമി എന്ന് സംബോധന ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടില്ല. സാമാന്യമര്യാദപ്രകാരം ഉചിതമായ വാക്കുകൾ ഉപയോഗിക്കാം. വൃദ്ധർ, ശാരീരികബുദ്ധിമുട്ടുള്ളവർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക സൗകര്യങ്ങൾ നൽകുമെന്നും പൊലീസ് അറിയിച്ചു.