വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിൽ നിന്നും ആനപ്പെട്ടിയിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഇല്ല. റോഡിൻെറ മിക്ക ഭാഗത്തും മെറ്റൽ ഇളകി തെറിച്ച് മൺപാതയായി മാറിയിരിക്കുകയാണ്. ആനപ്പെട്ടി റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. കാൽനടയാത്രക്കാർക്ക് പോലും സഞ്ചാരം എളുപ്പമല്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ സ്കൂളിലെത്തുവാൻ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മഴയത്ത് ചെളിയും,മണ്ണും,കല്ലും ചെളിയും ഒലിച്ചിറങ്ങി റോഡ് വികൃതമായി മാറുക പതിവാണ്.
കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത് കുളമാക്കി
ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി റോഡരികുകൾ വെട്ടിപൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചത് റോഡിൻെറ തകർച്ചക്ക് ആക്കം കൂട്ടി. കുടിവെള്ളപദ്ധതിക്കായി റോഡരികുകൾ കുഴിച്ചെങ്കിലും വേണ്ടവിധം മൂടാതെയാണ് കരാറുകാരൻ സ്ഥലം വിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.റോഡിൻെറ പ്രശ്നം കരാറുകാരെ അറിയിച്ചപ്പോൾ ശരിയാക്കിതരാം എന്ന വാഗ്ദാനം നടത്തിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തോട്ടുമുക്ക് , പത്തേക്കർ,ആനപ്പെട്ടി നിവാസികൾ പറയുന്നു.
തോട്ടുമുക്ക്-കന്നുകാലിവനം റോഡും തഥൈവ
ആനപ്പെട്ടി റോഡിന് പുറമേ തോട്ടുമുക്ക് കന്നുകാലിവനം റോഡും തകർന്ന് തരിപ്പണമായി മാറിയിട്ട് മാസങ്ങളേറെയായി. അപകടങ്ങളും നിരന്തരം അരങ്ങേറുന്നുണ്ട്. മഴയായാൽ റോഡ് ചെളിക്കുളമായി മാറും.നാട്ടുകാർ പരാതിനൽകിയതിനെ തുടർന്ന് ഫണ്ട് അനുവദിച്ചെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടില്ല.റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് കന്നുകാലിവനം നിവാസികൾ.