വിതുര : വിതുര ഗ്രാമപഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിലായി അഞ്ഞൂറോളം ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന ആദിവാസി ഉപജീവനമാർഗ വികസന പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു.

നാളെ രാവിലെ 9.30ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പുകഴേന്തി, നബാർഡ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രിൻസിപ്പൽ ഡോ. സി.എസ്. ചന്ദ്രിക തുടങ്ങിയവർ പങ്കെടുക്കും.

ആദിവാസി ഊരുകളിൽ സാമൂഹിക മാറ്റത്തിന് കൂടി ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി. കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനും സ്വയം തൊഴിൽ നേടാനും ഇതിലൂടെ സാധിക്കും.